Thamarassery Students Clash: ഷഹബാസിന്റെ തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിന് ക്ഷതം; ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
Thamarassery Students Clash Shahabas Postmortem Report: പോസ്റ്റ്മോർട്ടത്തിന് ശേഷം ഷഹബാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കും.

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ക്രൂരമർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഷഹബാസിന്റെ തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ടെന്നും, തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ടെന്നും, ആയുധം കൊണ്ടുള്ള മുറിവാണിതെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഷഹബാസിനെ വിദ്യാർഥികൾ നഞ്ചക്ക് ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് പോലീസ് പറയുന്നു. ഇത് തെളിയിക്കുന്ന തരത്തിലുള്ള കുട്ടികൾ തമ്മിലുള്ള വാട്സാപ്പ് സന്ദേശവും ഇൻസ്റ്റാഗ്രാം സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ഷഹബാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കും. എലൈറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു ഷഹബാസ്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ – റംസീന ദമ്പതിമാരുടെ മകനാണ് ഷഹബാസ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി സംഘർഷത്തിൽ ഏർപ്പെട്ടത്. തുടർന്ന് അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും ഇതിന്റെ തുടർച്ചയായി വ്യാഴാഴ്ച വൈകീട്ട് വീണ്ടും സംഘർഷം ഉടലെടുത്തു. ഈ സംഘർഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ജീവൻ നിലനിർത്താൻ കഴിഞ്ഞത്.
ALSO READ: ‘ഏറെ ദുഃഖകരമായ സംഭവം’;ഷഹബാസിൻറെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
സംഭവത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് ഇവരെ മാറ്റാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിച്ചു. എസ്എസ്എൽസി വിദ്യാർത്ഥികളായ ഇവര്‍ക്ക് പരീക്ഷ എഴുതാൻ ബോർഡ് അനുമതി നൽകുകയും ചെയ്തു. ബോധപൂർവ്വമാണ് ഇവർ ആക്രമണം നടത്തിയതെന്ന് തെളിയിക്കുന്ന അക്രമികളുടെ ശബ്ദ സന്ദേശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.