Thamarassery Shahbaz Death: താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണവിധേയരായ വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കി
Thamarassery Shahbaz Death Case Update: നിലവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് താമസിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ പൂർത്തിയായത്. എന്നാൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ആരോപണ വിധേയരായ വിദ്യാർത്ഥികളുടെ നീക്കം.

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ (Shahbaz Death case) ആരോപണവിധേയരായ വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ ജാമ്യമാണ് കോടതി നിരസിച്ചത്.
നിലവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് താമസിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ പൂർത്തിയായത്. ഹീനമായ കുറ്റകൃത്യമാണ് ആരോപണവിധേയർ ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷനും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും കോടതിയിൽ വാദിച്ചിരുന്നു. വിദ്യാർത്ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകളും കോടതിയിൽ തെളിവായി നൽകിയിരുന്നു.
എന്നാൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ആരോപണ വിധേയരായ വിദ്യാർത്ഥികളുടെ നീക്കം. ജുവനൈൽ ഹോമിൽ കഴിയുന്നതിനാൽ കുട്ടികളുടെ മാനികാവസ്ഥയെ ഇത് ബാധിക്കുമെന്നും കുടുംബങ്ങൾ വാദിച്ചിരുന്നു. ഈ വർഷം ഫെബ്രുവരി 28-നാണ് താമരശേരിയിൽ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും നടന്നത്. ഇതിനിടെയാണ് വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനാണ് വിദ്യാർത്ഥി മരിക്കുന്നത്.
താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിവിധ സ്‌കൂളുകളിൽനിന്നുള്ള പത്താം ക്ലാസ് വിദ്യാർഥികളുടെ ഫെയർവെല്ലിനോട് അനുബന്ധിച്ചാണ് സംഘർഷമുണ്ടായത്. വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒടുവിൽ കലാശിച്ചത് കൊലപാതകത്തിലാണ്.