Thamarassery Shahabaz Death: ഷഹബാസിൻ്റെ കൊലപാതകം; പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്, പ്രതിഷേധവുമായി കെഎസ് യു
Thamarassery Shahabaz Death Case: കെഎസ് യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ഹോമിന് മുന്നിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത്, പ്രതികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടുകുന്നിലെ സ്കൂളിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു.

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിൻ്റെ കൊലപാതക്കത്തിൽ (Shahabaz Death Case) ഉൾപ്പെട്ട പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു. പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രതികളെ പാർപ്പിച്ചിരുന്ന വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിന് മുമ്പിൽ പ്രതിഷേധിക്കുകയായിരുന്ന കെഎസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് നീക്കി.
കെഎസ് യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ഹോമിന് മുന്നിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത്, പ്രതികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടുകുന്നിലെ സ്കൂളിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു. പ്രതികൾ പരീക്ഷ എഴുതുന്നതിൽ എതിർപ്പ് അറിയിച്ച് വിവിധ വിദ്യാർഥി–യുവജന സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ ഇന്നലെ പ്രധാന പ്രതിയായ വിദ്യാർത്ഥിയുടെ പിതാവിന് ചില ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർത്ഥിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് ബന്ധം പുറത്തറിയുന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ടികെ രജീഷിൻ്റെ വീട്ടിൽ നിന്നാണ് ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തത്.
ഷഹബാസിൻ്റെ മരണത്തിന് കാരണമായ ആക്രമണത്തിൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ഉണ്ടായിരുന്നതായി പിതാവ് ഇക്ബാൽ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ അഞ്ച് പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ഷഹബാസിനെ കൊല്ലുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ വിദ്യാർത്ഥിയുടെ പിതാവിനെയാണ് രജീഷിൻ്റെ ഒപ്പമുള്ള ചിത്രത്തിൽ കാണുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയായിരുന്നു സംഘർഷം ഉടലെടുത്തത്. തുടർന്ന് അധ്യാപകർ ഇടപെട്ട് തർക്കം ഒഴിവാക്കിയെങ്കിലും തുടർച്ചയായി വ്യാഴാഴ്ച വൈകിട്ട് വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു.
ഈ സംഘർഷത്തിലാണ് വിദ്യാർത്ഥിയായ ഷഹബാസിന് ഗുരതരമായി പരിക്കേറ്റത്. ഷഹബാസിനെ താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെൻറിലേറ്റർ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ജീവൻ നിലനിർത്താൻ സാധിച്ചത്.