5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thamarassery Churam: താമരശ്ശേരി ചുരം നിവരും; മൂന്ന് കൊടുംവളവുകൾ നിവർത്താൻ ഭരണാനുമതി

Thamarassery Churam Widening Process: ടെൻഡർ വിളിച്ച് പണി നടത്തേണ്ട പൂർണ ചുമതല കേരള പൊതുമരാമത്ത് വകുപ്പിൻ്റേതാണ്. ഇതിൻ്റെ പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് - വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പലപ്പോഴും ഉണ്ടാകുന്നത്.

Thamarassery Churam: താമരശ്ശേരി ചുരം നിവരും; മൂന്ന് കൊടുംവളവുകൾ നിവർത്താൻ ഭരണാനുമതി
Thamarassery Churam. Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Jan 2025 22:50 PM

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ കൊടുംവളവുകൾ വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതി‌. മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ആറ്, ഏഴ്, എട്ട് വളവുകളാണ് കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നവീകരിക്കുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പിഡബ്ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ അനുവദിച്ചു.

വനഭൂമിയിൽ ഉൾപ്പെടുന്നതാണ് ഈ മൂന്ന് വളവുകളും. അതിനാൽ സാധിക്കുന്നത്രയും നിവർത്തുന്നതിന് ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിയിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, പേവ്ഡ് ഷോൾഡറുകളോട് കൂടിയാണ് ഈ മൂന്ന് വളവുകളും നിവർത്തുക.

ടെൻഡർ വിളിച്ച് പണി നടത്തേണ്ട പൂർണ ചുമതല കേരള പൊതുമരാമത്ത് വകുപ്പിൻ്റേതാണ്. ഇതിൻ്റെ പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് – വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇത് ചുരം റോഡിലെ വളവുകളുടെ വീതിക്കുറവ് കൊണ്ടാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നീക്കം.

ടാർ ചെയ്ത പലയിടത്തും അഞ്ചേകാൽ മീറ്റർവരെ വീതിയേയുള്ളൂ. ഇതിൽ ആറാംവളവ് ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലാണ്. കൂടുതൽ വളവുകൾ വീതികൂട്ടി നിവർത്തുന്നതോടെ ​ഗതാ​ഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നത്തിന് കുറേയേറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു.

അഞ്ച് വളവുകൾ വിതികൂട്ടാൻ 2018 ഏപ്രിലിലാണ് 32 ലക്ഷംരൂപ നൽകിയത്. ഇതിൻ്റെ ഭാ​ഗമായി പൊതുമരാമത്ത് 0.92 ഹെക്ടർ വനഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് സ്ഥലം വിട്ടുനൽകി വർഷങ്ങൾ പിന്നിട്ടിട്ടും വീതികൂട്ടലുമായി ബന്ധപ്പെട്ട നടപടികളൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. അതിന് പിന്നാലെ മൂന്ന്, അഞ്ച് വളവുകൾ ആറുകോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. എന്നാൽ, പതിവായി ഗതാഗത കുരുക്ക് ഉണ്ടാവുന്ന ആറു മുതൽ എട്ടുവരെയുള്ള വളവുകളുടെ വീതികൂട്ടൽ നടപടിക്കാണ് കാലതാമസം നേരിട്ടത്.