Question Paper Leak Case: ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കീഴടങ്ങി
Tenth Plus Two Question Paper Leak Case: കഴിഞ്ഞ ദിവസം ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്യൂൺ അബ്ദുൽ നാസറാണ് അറസ്റ്റിലായത്. കൂടാതെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട്: പത്താം ക്ലാസ്സിൻ്റെ ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ച കേസിൽ (exam question paper leak case) എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലാണ് മുഹമ്മദ് ഷുഹൈബ് (Mohammed Shuhaib) കീഴടങ്ങിയത്. ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊലൂഷൻസ് സിഇഒയായ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾ ഹാജരായത്.
സംഭവത്തിന് കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്യൂൺ അബ്ദുൽ നാസറാണ് അറസ്റ്റിലായത്. കൂടാതെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് ഹൈക്കോടതി മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഒന്നാം പ്രതി കൂടിയാണ് മുഹമ്മദ് ഷുഹൈബ്. പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യക്കടലാസുകളാണ് എംഎസ് സൊല്യൂഷൻസിൻ്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നതെന്നാണ് കേസ്. ഇതേ കേസിൽ കോഴിക്കോട് ജില്ലാ കോടതി നേരത്തെ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നതിലാണ് കേസ് അന്വേഷണം നടക്കുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ വകുപ്പ് തല നടപടികൾ തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശവും നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഷുഹൈബിന്റെ വാദം.