Amoebic Meningoencephalitis: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കൊല്ലത്ത് പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്
Ten Year Old Boy From Kollam Diagnosed With Amoebic Meningoencephalitis: കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയിൽ തുടരുന്നതെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കൊല്ലം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നീരീക്ഷണം ആവശ്യമായതിനാലാണ് കുട്ടി ആശുപത്രിയിൽ തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 10-ന് കുട്ടിയ്ക്ക് പനി വരികയും, ശേഷം രോഗം മൂർച്ഛിക്കുകയുമായിരുന്നു. തുടർന്ന്, കുട്ടിയെ ആദ്യം കൊട്ടാരക്കരയിലെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട്, പനി അധികമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് നടത്തിയ പരിശോധനകളിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു, തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം എന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത പാളിയിലൂടെ മനുഷ്യശരീരത്തിൽ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് ഇടയാക്കും.
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോൾ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇത് വലയം ചെയ്യും. പിന്നീട് അവയെ വിഴുങ്ങുകയുമാണ് ചെയ്യുന്നത്. തുടർന്ന് നീർക്കെട്ട് വരികയും ഇത് ഗുരുതരമാകുമ്പോഴാണ് ഒടുവിൽ മസ്തിഷ്‌ക മരണം സംഭവിക്കുക. ജപ്പാൻ ജ്വരം, നിപ പോലുള്ള രോഗങ്ങളിൽ രോഗം കൂടി അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.
ALSO READ: ഗുരുതര അനാസ്ഥ; ജലാശയവുമായി ബന്ധമില്ലാത്തവർക്കും അമീബിക് മസ്തിഷ്ക ജ്വരം
രോഗ ലക്ഷണങ്ങൾ
അണുബാധ ഉണ്ടായി ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പുറത്തുവരുന്നത്. കഠിനമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.
ചികിത്സ
നട്ടെല്ലിൽ നിന്നും ശ്രവം കുത്തിയെടുത്ത ശേഷം പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഇവ ചികിൽസിക്കുന്നത്. രോഗം സ്ഥിരീകരിച്ച് എത്രയും വേഗം മരുന്നുകൾ നൽകിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാകാനുള്ള സാധ്യത. അതുകൊണ്ടു തന്നെ, രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ചികിത്സ തേടണം. അങ്ങനെ മാത്രമേ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളൂ.