Nipah Virus: മലപ്പുറത്ത് 10 പേര്‍ക്ക് കൂടി നിപ രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു; കൺട്രോൾ റൂം തുറന്നു
Ten Suspected of Nipah virus: മലപ്പുറത്ത് ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മലപ്പുറം: വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയുടെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ വീണ്ടും നിപ ഭീതിയിൽ. ഇതിന്റെ പശ്ചാത്തലത്തിൽ 10 പേര്‍ക്ക് കൂടി നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിള്‍ ശേഖരിച്ചത്. അതേസമയം മലപ്പുറത്ത് ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവാലി പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവാലി പഞ്ചായത്ത് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ കടകൾക്ക് രാവിലെ 10 മുതൽ 7 വരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും നേരത്തെ തന്നെ കണ്ടെയ്മെന്‍റ് സോണാക്കിയിരുന്നു. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കാനും നിർദ്ദേശമുണ്ട്.
Also read-Nipah Virus: നിപ ഭീതി പടരുന്നു; മാസ്ക് നിർബന്ധമാക്കി; സ്കൂളുകൾക്ക് കർശന നിയന്ത്രണം
അതേസമയം നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ഇതോടെ കർണാടക സർക്കാർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇതിനു പുറമെ യുവാവിന്റെ മരണമറിഞ്ഞ് ബംഗളൂരുവിൽ നിന്ന് മലപ്പുറത്തെ മരണ വീട്ടിലെത്തിയ സഹപാഠികളോട് തിരിച്ച് പോകാരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ 13 വിദ്യാർത്ഥികൾ നിലവിൽ കേരളത്തിലാണ്.
കഴിഞ്ഞ മാസം 22 നാണ് ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന 24 കാരൻ മലപ്പുറത്തെ നടുവത്തെ വീട്ടില്‍ എത്തുന്നത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെ ഈ മാസം അഞ്ചാം തീയതി ഇയാൾക്ക് പനി ബാധിക്കുകയായിരുന്നു. ഇതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റിയ യുവാവ് 9 -ാം തിയതി മരണപ്പെടുകയായിരുന്നു. തുടർന്ന് കോഴിക്കോട് നടന്ന പ്രാഥമിക പരിശോധന ഫലത്തിൽ നിപ പോസിറ്റീവായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പൂനെ വൈറോളജി ലാബിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവിടെ നിന്നും ലഭിച്ച ഫലത്തിൽ പോസ്റ്റിവ് കണ്ടെത്തിയതോടെയാണ് ജില്ലയിൽ നിപ സ്ഥിരീകരിച്ചത്.
ഇതോടെ യുവാവിന്റെ സമ്പര്‍ക്കപട്ടിക തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ദിവസം പട്ടികയിലുള്ളവരുടെ എണ്ണം 151 ആയിരുന്നു. എന്നാൽ ഇനി ഇതു വീണ്ടും ഉയരാനാണ് സാധ്യത. കാരണം പരിസരത്തും ആശുപത്രികളിലുമായി യുവാവിന് വലിയ തോതില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. മരണാനന്തര ചടങ്ങിലും നിരവധിപേര്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ സമ്പര്‍ക്കപട്ടിക നീളാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകൾ. യുവാവിന്‍റെ റൂട്ട് മാപ്പ് ഇന്ന് തന്നെ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുണ്ട്.