Tanur Girls Missing Case: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ റെയിൽവെ പോലീസ് കണ്ടെത്തി; സുരക്ഷിതരെന്ന് പോലീസ്
Tanur Girls Missing Case Update: മോബൈൽ ഫോൺ ലോക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. റെയിൽവെ പോലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ യാത്ര തുടരുകയാണ്.

മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നും രണ്ടാം നാൾ കണ്ടെത്തിയത്. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളെ ട്രെയിനിൽ സഞ്ചരിക്കെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. മോബൈൽ ഫോൺ ലോക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. റെയിൽവെ പോലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ യാത്ര തുടരുകയാണ്.
പെൺകുട്ടികളെ കണ്ടെത്തിയ വിവരം താനൂർ പോലീസും സ്ഥിരീകരിച്ചു. പോലീസ് തങ്ങളെ കണ്ടെത്തിയതിൽ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു. കുട്ടികളെ കേരളത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി പോലീസ് സംഘം പുലർച്ചെ ആറ് മണിക്ക് മുംബൈയിലേക്ക് തിരിക്കും.താനൂർ എസ്ഐയടക്കം രണ്ട് പോലീസ് ഉദ്യേഗസ്ഥരാണ് നെടുമ്പാശ്ശേരി വിമാനം വഴി മുംബൈയിലേക്ക് പോകുന്നത്.
ഇന്ന് പുലർച്ചെ 1.45ഓടെ ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് പെൺകുട്ടികളെ റെയിൽവേ പോലീസ് പിടികൂടിയത്. തുടർന്ന് കേരള പോലീസിന്റെ നിർദേശ പ്രകാരം ഇവർ ലോണാവാലയിൽ ഇറങ്ങുകയായിരുന്നു. കുട്ടികൾ ഈ ട്രെയിനിലുള്ള വിവരം കേരള പോലീസാണ് റെയിൽവെ പോലീസിനു കൈമാറിയിരുന്നു.