Tanur Girls Missing Case: കണ്ടെത്തിയതിൽ കുട്ടികൾ സന്തോഷത്തിൽ; വീട്ടിലേക്ക് എത്തിയാൽ വഴക്കുപറയുമോ എന്ന് ഭയം; ഫോണിൽ സിം ഇട്ടത് നിർണായകം
Tanur Girls Missing Case Update: കുട്ടികൾ പൂർണ സുരക്ഷിതരാണ്. പോലീസ് തങ്ങളെ കണ്ടെത്തിയതിൽ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു.

പോലീസ്
മലപ്പുറം: മലപ്പുറം താനൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പോലീസും. ഇന്ന് പുലർച്ചെ 1:45 ഓടെയാണ് മുംബൈയിലെ ലോണാവാലയിൽ നിന്ന് ട്രെയിനിൽ സഞ്ചരിക്കെ പെൺകുട്ടികളെ റെയിൽവേ പോലീസ് കണ്ടെത്തിയത്. കുട്ടികൾ പൂർണ സുരക്ഷിതരാണ്. പോലീസ് തങ്ങളെ കണ്ടെത്തിയതിൽ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു.
പെൺകുട്ടികളെ നാട്ടിലേക്ക് എത്തിക്കാൻ താനൂർ പോലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. താനൂർ എസ്ഐയടക്കം രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം വഴി മുംബൈയിലേക്ക് തിരിച്ചത്. ഇന്ന് തന്നെ പെൺകുട്ടികളെ വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ റെയിൽവെ പോലീസ് കണ്ടെത്തി; സുരക്ഷിതരെന്ന് പോലീസ്
അതേസമയം മൊബൈൽ ഫോൺ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ ഏറെ നിർണായകമായത്. രാത്രി ഒൻപത് മണിയോടെ ഫോണിൽ സിം കാർഡ് ഇട്ടിരുന്നു. ഇത് വഴിയാണ് ലൊക്കേഷൻ കണ്ടുപിടിച്ചത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ സഞ്ചരിക്കെയാണ് ഇവരെ കണ്ടെത്തിയത്. കുട്ടികൾ ഈ ട്രെയിനിലുള്ള വിവരം കേരള പോലീസാണ് റെയിൽവെ പോലീസിനു കൈമാറിയത്. ഇവർ മുംബൈയിലെത്തിയ വിവരം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ലഭിച്ചിരുന്നു.ഇവരുടെ കൂടെ ഒരു യുവാവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെട്ടെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് പെൺകുട്ടികൾ സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പെൺകുട്ടികൾ ഇവിടെയെത്തിയതായി മലയാളിയായ സലൂൺ ഉടമയും സ്ഥിരീകരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനു പങ്കെടുക്കാനായി മുംബൈയിൽ എത്തിയത് എന്നായിരുന്നു ഇവർ സലൂണിലെത്തിയപ്പോൾ പറഞ്ഞത്. ഇവിടെ നിന്ന് ഇവർ മുംബൈ സിഎസിടി റെയിൽവെ സ്റ്റേഷനിൽ എത്തി. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷത്തില്‍ നിർണായകമായത്.
ഇതോടെ പെൺകുട്ടികളെ ലൊക്കേഷൻ ലഭിച്ചു. ഇവർ മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് പരിസരത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ അന്വേഷണം നടത്തി. എന്നാൽ അവിടെ നിന്നും പെൺകുട്ടികൾ പുറപ്പെട്ടിരുന്നു. തുടർന്നാണ് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ ലോണാവാലയിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടിയത്.