Tanur Girls Missing Case: പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി പോലീസ് നാട്ടിലേക്ക്; നാട്ടിലെത്തിയാൽ എന്താവുമെന്ന ആശങ്കയിൽ കുട്ടികൾ
Police Return With Tanur Girls: താനൂരിൽ നിന്ന് കാണാതായ കുട്ടികളെയുമായി പോലീസ് ഉദ്യോഗസ്ഥർ നാട്ടിലേക്ക് തിരിച്ചു. ഈ മാസം എട്ടിന് കുട്ടികളെ കോടതിയിൽ ഹാജരാക്കും.

മഹാരാഷ്ട്ര പൂനെയിൽ നിന്ന് കണ്ടെത്തിയ കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളുമായി കേരള പോലീസ് നാട്ടിലേക്ക് തിരിച്ചു. പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് പോലീസ് ഉദ്യോഗസ്ഥർ കുട്ടികളെ നാട്ടിലെത്തിക്കുക. നാട്ടിലെത്തുമ്പോൾ എന്താവുമെന്ന ആശങ്കയിലാണ് കുട്ടികൾ. എട്ടിന് ഉച്ചയോടെ കുട്ടികൾ താനൂരിലെത്തും. കുട്ടികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം രക്ഷിതാക്കൾക്ക് വിട്ടുനൽകും.
ഏഴിന് പുലർച്ചെ പൂനെ റെയിൽവേ സ്റ്റേഷനിലെത്തിച്ച കുട്ടികളെ പിന്നീട് സസ്സൂൺ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. ശേഷം ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ എട്ട് മണിയൊടെയാണ് താനൂർ പോലീസ് മുംബൈയിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സംഘം റോഡ് മാർഗം പൂനെയിലെത്തി. പോലീസ് സ്റ്റേഷനിലെയും അഭയകേന്ദ്രത്തിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ താനൂർ പോലീസ് പെൺകുട്ടികളെ ഏറ്റുവാങ്ങി. പെൺകുട്ടികളോടൊപ്പം യാത്ര ചെയ്ത യുവാവിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് കണ്ടെത്തൽ. നാട്ടിലെത്തിയതിന് ശേഷം പെൺകുട്ടികളുടെയും യുവാവിൻ്റെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം താനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തിയതിൽ മുംബൈയിലെ സലൂണിൽ നിന്നുള്ള ദൃശ്യങ്ങൾ നിർണായകമായിരുന്നു. മുംബൈയിലെ ലാസ്യ എന്ന സലൂണിൽ ഇവർ ഹെയർ ട്രീറ്റ്മെന്റ് ചെയ്യാൻ എത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സലൂൺ അധികൃതർ ചിത്രീകരിച്ചത് നിർണായകമായി. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടികൾ സലൂണിലെത്തിയത്. ഇവർക്ക് ഹിന്ദിയോ ഇംഗീഷോ അറിയില്ലായിരുന്നു എന്ന് സലൂൺ ഉടമ ലൂസി പറഞ്ഞിരുന്നു. മലപ്പുറം മഞ്ചേരിയിൽ നിന്നാണ് തങ്ങൾ വരുന്നതെന്ന് കുട്ടികൾ പറഞ്ഞതായി ലൂസി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇൻസ്റ്റഗ്രാം സുഹൃത്തിൻ്റെ വിവാഹത്തിനായാണ് മുംബൈയിൽ എത്തിയതെന്നും കുട്ടികൾ പറഞ്ഞു. മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിൻ്റെ ലുക്ക് മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. രണ്ട് പേരും കൂടി 10,500 രൂപയുടെ ഹെയർ ട്രീറ്റ്മെൻ്റാണ് ചെയ്തതെന്നും ലൂസി വ്യക്തമാക്കിയിരുന്നു. ഒരാൾ 5000 രൂപയുടെയും മറ്റേയാൾ 5,500 രൂപയുടെയും ട്രീറ്റ്മെൻ്റാണ് ചെയ്തത്.