Tanur Girls Missing Case: താനൂരിൽ നിന്ന് നാടുവിട്ട പെൺകുട്ടികളെ നാട്ടിലെത്തിച്ചു; മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും
Tanur Missing Girls Brought Back Home:കുട്ടികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസലിങ്ങിനു ശേഷം വീട്ടുകാർക്കൊപ്പം അയയ്ക്കും.

താനൂർ പെൺകുട്ടികൾ
മലപ്പുറം: മലപ്പുറം താനൂരിൽ നിന്നും നാടുവിട്ട പോയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് രഥ് എക്സ്പ്രസിൽ പെൺകുട്ടികളെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. പെൺകുട്ടികളെ കൂട്ടാൻ മാതാപിതാക്കളും ബന്ധുക്കളും ഇവിടെയെത്തിയിരുന്നു. കുട്ടികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസലിങ്ങിനു ശേഷം വീട്ടുകാർക്കൊപ്പം അയയ്ക്കും.
അതേസമയം കുട്ടികൾക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മുംബൈയിൽ നിന്ന് തിരിച്ചെത്തിയ ഇയാളെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ. എടവണ്ണ സ്വദേശി റഹീം അസ്‌ലത്തിനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും.
പെൺകുട്ടികളിൽ ഒരാൾ ആവശ്യപ്പെട്ടതുകൊണ്ടാണ് റഹീം ഇവരുടെ കൂടെ പോയതെന്നാണ് യുവാവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും നാട് വിടുന്നുവെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പെൺകുട്ടി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്കൂളിൽ വിദ്യാർത്ഥികളെ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.