Tanur Girls Missing Case: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവം: കൂടെപ്പോയ യുവാവ് അറസ്റ്റിൽ, കുറ്റം തട്ടിക്കൊണ്ടുപോകൽ
Tanur girls missing case Latest Update: തട്ടികൊണ്ടുപോകൽ, പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. താനൂർ പോലീസ് ഇന്ന് രാവിലെയോടെയാണ് അക്ബർ റഹീമിനെ കസ്റ്റഡിയിൽ എടുത്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മലപ്പുറം: താനൂരിൽനിന്ന് പ്ലസ് വൺ വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ (Tanur girls missing case) കൂടെപ്പോയ യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടികൾക്കൊപ്പം യാത്രചെയ്ത യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിനെയാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. തട്ടികൊണ്ടുപോകൽ, പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
താനൂർ പോലീസ് ഇന്ന് രാവിലെയോടെയാണ് അക്ബർ റഹീമിനെ കസ്റ്റഡിയിൽ എടുത്തത്. മുംബൈയിൽനിന്ന് തിരിച്ചെത്തിയ ശേഷം ഇയാളെ താനൂരിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താനൂർ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
യുവാവിനെ ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികൾ പരിചയപ്പെട്ടതെന്നാണ് പറഞ്ഞിരുന്നത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് മുംബൈയിൽ നല്ല പരിചയമുള്ളയാളാണ് യുവാവ്. പെൺകുട്ടികൾ നിർബന്ധിച്ചതിന് പിന്നാലെയാണ് താന ഒപ്പം പോയതെന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി. മലപ്പുറം താനൂരിൽ നിന്നും നാടുവിട്ട പോയ പെൺകുട്ടികളെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാട്ടിലെത്തിച്ചത്.
കുട്ടികളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കൗൺസലിങ്ങും കഴിഞ്ഞ് മാത്രമെ വീട്ടുകാർക്കൊപ്പം അയയ്ക്കുകയുള്ളൂ. വീട് വിട്ട് പോവുകയാണെന്ന് പറഞ്ഞ പെൺകുട്ടികളെ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ലെന്നാണ് പറയുന്നത്. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടികളെയാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മുംബൈയിലെത്തിയതായി കണ്ടെത്തിയത്. മുംബൈയിലെ സലൂണിലെ ചില ദൃശ്യങ്ങളും അന്വേഷണത്തിന് നിർണായകമായി. അവിടെനിന്ന് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യവെ പുനെയ്ക്കടുത്ത് ലോനാവാലയിൽവെച്ചാണ് ആർപിഎഫ് ഉദ്യോഗസ്ഥർ ഇരുവരെയും കണ്ടെത്തുന്നത്.