5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇപിയെ മാത്രമല്ല, പല നേതാക്കളെയും ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്: ശോഭ സുരേന്ദ്രന്‍

പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇരുമുന്നണിയിലുമുള്ള പാര്‍ട്ടി നേതാക്കളെ പോയി കണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞങ്ങള്‍ വരുമെന്ന് പറയുന്നതൊക്കെ ആ നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇപിയെ മാത്രമല്ല, പല നേതാക്കളെയും ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്: ശോഭ സുരേന്ദ്രന്‍
Shobha Surendran
shiji-mk
Shiji M K | Updated On: 26 Apr 2024 18:00 PM

പാലക്കാട്: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

ഇപി ജയരാജന് ബിജെപിയില്‍ ചേരാന്‍ ഓഫര്‍ നല്‍കിയിരുന്നു. കേരളത്തിലെ ഏഴോളം വരുന്ന പ്രമുഖ നേതാക്കളെ താന്‍ ചെന്ന് കണ്ടിരുന്നു. അതില്‍ കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതാക്കളുമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇരുമുന്നണിയിലുമുള്ള പാര്‍ട്ടി നേതാക്കളെ പോയി കണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞങ്ങള്‍ വരുമെന്ന് പറയുന്നതൊക്കെ ആ നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, ബിജെപിയിലേക്ക് പോകാന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്നുള്ള ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപിജയരാന്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

തനിക്കെതിരെ ശോഭാ സുരേന്ദ്രനും കെ സുധാകരനും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും ഇപി പറഞ്ഞിരുന്നു. എന്നാല്‍ ജാവദേക്കറും നന്ദകുമാറും തന്നെ വന്ന് കണ്ടിരുന്നുവെന്ന കാര്യം ഇപി ജയരാജന്‍ സ്ഥിരീകരിച്ചിരുന്നു.

കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണത്. സുധാകരന്‍ ബിജെപിയിലേക്ക് പോകുന്ന നീക്കം ലഘൂകരിക്കാനാണ് ഇങ്ങനെയൊരു നാടകം നടത്തിയതെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു.

പ്രകാശ് ജാവദേക്കര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും ഇപി പറഞ്ഞു. മകന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ വെച്ചാണ് കൂടികാഴ്ച്ച നടന്നത്. രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഒഴിഞ്ഞുമാറിയെന്നും ഇപി പറഞ്ഞു.

ഇപി ജയരാജനെ ജാവദേക്കര്‍ വന്ന് കണ്ടിരുന്നുവെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നത്. ഇടതുമുന്നണി സഹായിച്ചാല്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. അതിന് സമ്മതില്‍ ലാവ്‌ലിന്‍ കേസ്, സ്വര്‍ണക്കടേത്ത് കേസൊക്കെ സെറ്റില്‍ ചെയ്യുമെന്ന് ജാവദേക്കര്‍ ഇപി ജയരാജനോട് പറഞ്ഞെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപി ജയരാജന്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഇപി ജാഗ്രത പുലര്‍ത്തിയില്ലെന്നും പ്രകാശ് ജാവദേക്കറിനെ നേരില്‍ കണ്ട് സംസാരിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപിയുടെ പ്രകൃതം എല്ലാവര്‍ക്കുമറിയാം. എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്. പക്ഷെ ഒരു പഴഞ്ചൊല്ലില്ലെ പാപിക്കൊപ്പം ശിവന്‍ കൂടിയാല്‍ ശിവനും പാപി ആയിടുമെന്ന്. ചിലരൊക്കെ ഉറക്കപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് തന്നെ ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് കൊണ്ടാണ്. അവരോട് അതിര് കവിഞ്ഞ സ്‌നേഹവും ലോഹ്യവുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

ജയരാജന്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല. അത് നേരത്തെ ഉണ്ടായ സംഭവങ്ങളില്‍ നിന്നുള്ള അനുഭവമാണ്. ഇതേ തുടര്‍ന്ന് ജയരാജനെതിരെ നിരവധി സംശയകരമായ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ബിജെപി നേതാക്കളെ നേരില്‍ കണ്ട് സംസാരിച്ചതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇപി ജയരാജനെതിരെ വീണുകിട്ടിയ ആയുധം ഉപയോഗപ്പെടുത്തുകയാണ് യുഡിഎഫ്. ഇപി ജയരാജന്‍ ജാവദേക്കറിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിക്കുന്നത്. യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാകുമെന്നും പറഞ്ഞു. ഒരു സീറ്റും ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ജയരാജനെ ബലിയാടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.