5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thrissur Pooram: മായയോ മറിമായമോ?; പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്ന് സുരേഷ് ഗോപി, പോയെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ

Suresh Gopi Pooram controversy: പൂരം അലങ്കോലപ്പെട്ട ദിവസം പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകൾ തള്ളി ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാർ. സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ​ഗോപിയെ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Thrissur Pooram: മായയോ മറിമായമോ?; പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്ന് സുരേഷ് ഗോപി, പോയെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ
Union Minister Suresh Gopi at Chelakkara Election Convention (Image Credits: BJP Trissur)
athira-ajithkumar
Athira CA | Published: 28 Oct 2024 23:42 PM

തൃശൂർ: തൃശൂർ പൂര നഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പൂരം അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാ​ഗം പൂരം നിർത്തിവച്ചിരുന്നു. പിന്നാലെ ദേവസ്വം ഓഫീസിലേക്ക് സുരേഷ് ​ഗോപി സേവാഭാരതിയുടെ ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സംഘപരിവാർ അനുകൂല ​ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നാൽ സുരേഷ് ​ഗോപിയുടെ വാദത്തെ തള്ളി ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാർ രം​ഗത്തെത്തി. പൂര ന​ഗരിയിലേക്ക് ആംബുലൻസിൽ കേന്ദ്രമന്ത്രി എത്തിയെന്ന് അനീഷ് കുമാർ വ്യക്തമാക്കി. ചേലക്കരയിൽ എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് ആംബുലൻസിൽ പൂരന​ഗരിയിൽ എത്തിയിട്ടില്ലെന്ന് സുരേഷ് ​ഗോപി പറഞ്ഞത്.

‘‘ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസിൽ താൻ അവിടെ പോയിട്ടില്ല. എന്റെ ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ് പൂര ന​ഗരിയിലേക്ക് പോയത്. ആംബുലൻസിൽ നിങ്ങൾ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യാഥാർത്ഥ കാഴ്ചയാണോ എന്ന് അറിയണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സാധിക്കില്ല. അത് അന്വേഷിച്ച് അറിയണമെങ്കിൽ സിബിഐ വരണം. അന്വേഷണത്തെ നേരിടാൻ ഞാന‍ തയ്യാറാണ്. പിന്നിലുള്ളവർ തയ്യറാണോ? ഒറ്റതന്തയ്ക്ക് പിറന്നവരാണെങ്കിൽ പൂരം കലക്കൽ കേസ് സിബിഐക്ക് വിടണം. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ ! ഇതു സിനിമാ ഡയലോഗ് മാത്രമായി കണ്ടാൽ മതിയെന്നും തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി പറഞ്ഞു.

‘നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ് താൻ പൂരന​ഗരിയിലേക്ക് പോയത്. ആ കളക്ടറെയും കമ്മീഷണറെയും ഒരു കാരണവശാലും ഇവിടെനിന്നു മാറ്റരുത്, അവരെ‌ ക്രൂശിക്കരുതെന്ന് അന്ന് തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്. 2025ൽ എങ്ങനെ പൂരം നടത്തണമെന്ന് അവർക്ക് കാണിച്ച് കെടുക്കുമെന്ന് അന്ന് തന്നെ പറഞ്ഞതാണ്’’– സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കമ്മീഷണർ അങ്കിത് അശോകനെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു. കളക്ടറായിരുന്ന കൃഷ്ണ തേജയും ഡെപ്യൂട്ടേഷനിൽ ആന്ധ്രയിലേക്ക് പോയി.

‌സുരേഷ് ​ഗോപി പറഞ്ഞത് ഭാ​ഗികമായും ശരിയാണെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാർ വ്യക്തമാക്കി. സ്വരാജ് റൗണ്ട് വരെ സുരേഷ് ​ഗോപി തന്റെ വാഹനത്തിലാണ് എത്തിയത്. റൗണ്ടിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ഘട്ടത്തിലാണ് സുരേഷ് ​ഗോപി ആംബുലൻസിൽ തിരുവമ്പാടി ക്ഷേത്ര പരിസരത്ത് എത്തിയത്. കുറച്ചു ദൂരം മാത്രമാണ് അദ്ദേഹം ആംബുലൻസിൽ വന്നത്. കെകെ അനീഷ് കുമാർ പറ‍ഞ്ഞു.

അതേസമയം, പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂരം അലങ്കോലപ്പെടുത്താൻ ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും അനാസ്ഥ കാണിച്ചിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വർഷങ്ങളിൽ കുറ്റമുറ്റരീതിയിൽ പൂരം നടത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News