Suresh Gopi: കൊടകര കുഴൽപണമൊക്കെ കഥ… സിബിഐയെ വിളിക്കാൻ പറയൂ – സുരേഷ് ഗോപി
Suresh Gopi MP reacts to media: നിങ്ങൾ സിബിഐയെ വിളിക്കാൻ പറയൂ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മാധ്യമ പ്രവർത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം തുറന്നടിച്ചു.
തൃശൂർ: കൊടകര കുഴൽപ്പണ കേസ് ചൂടു പിടിച്ച ചർച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. ഇത്തവണയും സ്ഥിരം സിനിമാ ഡയലോഗുമായാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. കേസിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പഞ്ച് മറുപടി. നിങ്ങൾ സിബിഐയെ വിളിക്കാൻ പറയൂ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മാധ്യമ പ്രവർത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം തുറന്നടിച്ചു.
‘നിങ്ങളല്ലേ അതിന്റെ ഉദ്ധാരകർ…. അപ്പോൾ പിന്നെ സ്വർണം എല്ലാം ചോദിക്കൂ. ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വർണം അതിന്റെ കാശോക്കെ തീവ്രവാദത്തിനാണോ കൊടുത്തത്, അതും അന്വേഷിക്ക്. ഇതെല്ലാം നിങ്ങളുടെ കഥയല്ലേ. നിങ്ങൾ സിബിഐയെ വിളിക്കാൻ പറ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഞാൻ ട്രാൻസ്പരന്റ് ആണ്.
സി ബി ഐ യെ വിളിക്കാൻ പറ. നിങ്ങൾ പോലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊന്നും ആവരുത്. അതിന് ഒരു യോഗ്യതയും നിങ്ങൾക്ക് ഇല്ല. നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം.’എന്നും സുരേഷ് ഗോപി തുറന്നടിച്ചു. കൊടകര കുഴൽപ്പണ കേസിൽ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ചാക്കിൽ കെട്ടി പണം കൊണ്ടുവന്നു എന്നുള്ള ആരോപണമാണ് ഉയർന്നു വന്നത്.
ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കേസ് പിന്നെയും ചർച്ചയായത്. പണമെത്തിച്ച ധർമ്മരാജന് ബി ജെ പി മുറിയെടുത്ത് നൽകിയെന്നും ടെമ്പോയിലാണ് പണം എത്തിച്ചതെന്നുമാണ് തിരൂർ സതീശൻ ആരോപിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വിഷയം തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈൽ മറുപടി.