Suresh Gopi : ‘ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും?’; മുല്ലപ്പെരിയാർ ഡാമിൻ്റെ അവസ്ഥ ഭീതി പടർത്തുന്നതെന്ന് സുരേഷ് ഗോപി

Suresh Gopi Mullaperiyar Dam : മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. മുല്ലപ്പെരിയാർ ഡാമിൻ്റെ അവസ്ഥ ഭീതി പടർത്തുന്നതാണ്. ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതി പറയുമോ എന്നും സുരേഷ് ഗോപി ചോദിച്ചു.

Suresh Gopi : ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും?; മുല്ലപ്പെരിയാർ ഡാമിൻ്റെ അവസ്ഥ ഭീതി പടർത്തുന്നതെന്ന് സുരേഷ് ഗോപി

Suresh Gopi Mullaperiyar Dam

Published: 

18 Aug 2024 12:21 PM

മുല്ലപ്പെരിയാർ ഡാമിൻ്റെ അവസ്ഥ ഭീതി പടർത്തുന്നതെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതി പറയുമോ? നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്നാവില്ല. ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ (Mullaperiyar Dam) നിൽക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

“ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ പറയുമോ? കോടതികളിൽ നിന്ന് ഇത്തരം തീരുമാനങ്ങൾ കൈപ്പറ്റി ആ തീരുമാനങ്ങൾ കൊണ്ടുപോകുന്നവർ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്കിനി കണ്ണീരിൽ മുങ്ങിത്താഴാനാവില്ല.”- സുരേഷ് ഗോപി പ്രതികരിച്ചു.

Also Read : Mullaperiyar Dam: തമിഴ്‌നാട് പറഞ്ഞതെല്ലാം കള്ളം; 30 വർഷത്തിന് ശേഷം ബ്രിട്ടീഷുകാർ ആ രഹസ്യം കണ്ടെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന കേരളത്തിന്റെ വെളിപ്പെടുത്തൽ കെട്ടുകഥയാണെന്ന തമിഴ്‌നാടിന്റെ വാദം പൊളിയുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. അണക്കെട്ടിന് 30 വര്‍ഷം ആകുന്നതിന് മുമ്പ് തന്നെ ചോര്‍ച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ്‌നാടിന് വേണ്ടി ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇറിഗേഷന്‍ ആന്റ് പവര്‍ 1997ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 9നാണ് റിപ്പോർട്ട് പുറത്തുവന്നത്.

1928ല്‍ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടാകുന്നത് വഴിയുള്ള അപകടാവസ്ഥയെ കുറിച്ച് ബ്രിട്ടീഷ് എഞ്ചിനിയര്‍മാര്‍ സൂചന നല്‍കിയിരുന്നു. പിന്നീട് ഇവിടെ നടന്ന ഓട്ടയടയ്ക്കല്‍ നടപടിയെ കുറിച്ച് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സീപ്പേജ് വെള്ളത്തിനൊപ്പം 1896 മുതല്‍ നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതം ഒലിച്ചുപോയിരുന്നതായി കണ്ടെത്തിയിരുന്നു. 1928 ഒക്ടോബര്‍ 17 മുതല്‍ 26 വരെ ഡാമിനെ കുറിച്ച് പഠിച്ച ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ബ്രിട്ടീഷുക്കാരനായ എല്‍ എച്ച് ഗ്രേഗ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.

സുര്‍ക്കി മിശ്രിതം നഷ്ടപ്പെട്ടതോടെ അണക്കെട്ടിന്റെ ജലമുഖത്തെ പ്ലാസ്റ്ററിങില്‍ വിടവുകളുണ്ടായി. ഇതുവഴി ഡാമിന്റെ ഭിത്തിക്കുള്ളിലേക്ക് വെള്ളം തള്ളിക്കയറിയെന്നും പറയുന്നു. അണക്കെട്ടിന്റെ മുകളില്‍ വീഴുന്ന വെള്ളം ഭിത്തിക്കുള്ളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ജലമുഖത്ത് മുക്കാലിഞ്ച് ഘനത്തില്‍ സിമന്റ് പ്ലാസ്റ്ററിങും പുറംതോട് തുരന്ന് ഭിത്തിക്കുള്ളില്‍ സിമന്റ് ഗ്രൗട്ടിങ് നടത്തണമെന്നും അന്ന് ശുപാര്‍ശ ചെയ്തിരുന്നതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഗ്രൗട്ടിങ് നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ചീഫ് എഞ്ചിനീയര്‍ ഡോവ്‌ലേ പറഞ്ഞു. ഇത് അവഗണിച്ച് ഡാമിന്റെ അടിത്തട്ടില്‍ നിന്ന് 136 അടിക്ക് മുകളില്‍ പാരപ്പറ്റില്‍ നിന്ന് 20 അടി താഴ്ചയില്‍ തുരന്ന് സിമന്റ് ഗ്രൗട്ടിങ് നടത്തിയിരുന്നു.

Also Read : Mullaperiyar Dam: മുല്ലപ്പെരിയാർ സുരക്ഷ വീണ്ടും ചർച്ചയിൽ; എന്തുകൊണ്ട്‌ ഡീക്കമ്മീഷൻ ചെയ്യുന്നില്ല

പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. 1887 നും 1895 നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ഈ അണക്കെട്ടിന് 53.66 മീറ്റർ ഉയരവും 365.85 മീറ്റർ നീളവുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ നദികളിലൊന്നാണ് പെരിയാർ. തമിഴ്‌നാട് സംസ്ഥാനം ജലസേചനം, കുടിവെള്ളം, വൈദ്യുതി തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഡാം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

തുടക്കത്തിൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രശ്നം, പാട്ടത്തിന്റെ സാധുതയെ കേരളം വെല്ലുവിളിക്കുന്നതായിരുന്നു. 1886 ലെ പാട്ടക്കരാർ അനീതി എന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നിരുന്നാലും, 2009 മുതൽ, 129 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ വർദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും അത് തകർന്നാൽ അതിന്റെ ചുറ്റുപാടുമുള്ള ജനങ്ങൾക്കും സംസ്ഥാനത്തിനും മേലുള്ള ആഘാതവുമാണ് ഇപ്പോൾ പ്രധാന വിഷയമായി ഉന്നയിക്കുന്നത്.

കേരളത്തിലെ അഞ്ചു ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യണം എന്ന് പറഞ്ഞു കേരളം 2021ൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ അണക്കെട്ടു പണിതു തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണം എന്നായിരുന്നു ആവശ്യം. പക്ഷെ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. 1970-കളിൽ അണക്കെട്ടിൽ ആദ്യത്തെ ചില വിള്ളലുകൾ കണ്ടപ്പോൾ മുതൽ കേരളം അണക്കെട്ടിന്റെ സുരക്ഷയെ ഭയക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കം ഏറെ നാളായി തുടരുകയാണ്.

 

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ