5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi : മന്ത്രി സുരേഷ് ഗോപി റീൽ ഹീറോ മാത്രമാകരുത്; വിമർശിച്ച് സിറോ മലബാർ സഭ അൽമായ ഫോറം

Suresh Gopi Criticized : കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ അൽമായ ഫോറം. സുരേഷ് ഗോപിയടക്കം രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് കേരള ജനതയെ വൻ നിരാശയിലാഴ്ത്തുന്നു എന്നും ഇവർ റീൽ ഹീറോ മാത്രമാവരുത് എന്നും അൽമായ ഫോറം വിമർശിച്ചു.

Suresh Gopi : മന്ത്രി സുരേഷ് ഗോപി റീൽ ഹീറോ മാത്രമാകരുത്; വിമർശിച്ച് സിറോ മലബാർ സഭ അൽമായ ഫോറം
Suresh Gopi (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 24 Jul 2024 11:41 AM

ബിജെപി എംപിയും മന്ത്രിയുമായ സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ അൽമായ ഫോറം. സുരേഷ് ഗോപി റീൽ ഹീറോ മാത്രം ആവരുതെന്ന് അൽമായ ഫോറം പറഞ്ഞു. സാധാരണക്കാരൻ്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം. സംസ്ഥാനത്തിന് സുരേഷ് ഗോപിയടക്കം രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ബജറ്റിൽ (Budget 2024) ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് കേരള ജനതയെ വൻ നിരാശയിലാഴ്ത്തുന്നു എന്നും അൽമായ ഫോറം വാർത്താകുറിപ്പിലൂടെ പറഞ്ഞു.

നടന്മാർക്ക് യഥാർത്ഥ ജീവിതത്തിൽ ഹീറോ പരിവേഷമാണ് ആരാധകർ ഇവർക്ക് നൽകുന്നത്. ഇക്കാരണത്താൽ തന്നെയാണ് പലപ്പോഴും ഇത്തരം നടന്മാർ ഭരണാധികാരികളായതും. അവർ വെറും റീൽ ഹീറോസ് മാത്രമാവരുത്. വളരെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാർ പാർലിമെന്റിലേക്ക് വിജയിപ്പിച്ചുവിട്ടത്. എന്നിട്ടും തൃശൂർ ലോക്സഭാമണ്ഡലത്തോട് പോലും നീതി കാണിക്കാൻ കേന്ദ്ര ബജറ്റിനായില്ല. തൃശൂരിൽ പുതിയ ടൂറിസം പദ്ധതികൾ വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. ടൂറിസം സ്പിരിച്വൽ സർക്യൂട്ടും എയിംസും തൃശൂരിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുന്നതും റെയിൽവേ വികസനവുമൊക്കെ പ്രതീക്ഷിച്ചതാണ്. പക്ഷേ ഒന്നും ലഭിച്ചില്ല.

Also Read : Budget 2024 : എയിംസില്ല, ടൂറിസമില്ല, ഒന്നുമില്ല; കേരളത്തെ പൂർണമായി തഴഞ്ഞ് ബജറ്റ്; അതൃപ്തിയറിയിച്ച് എംപിമാർ

കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിച്ചാൽ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സമാനതകളില്ലാത്ത വികസനത്തിന് കേരളം സാക്ഷിയാകുമെന്നുമായിരുന്നു ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് ആവർത്തിച്ച് വാദിച്ചത്. അതൊക്കെ ജലരേഖയായി. തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നിൽ കാര്യമായി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂരിന്റെ വികസനത്തിനായി പദ്ധതികളും വ്യക്തമായ കാഴ്ചപ്പാടും അതിനുവേണ്ടിയുള്ള ശ്രമങ്ങളും ഉണ്ടായിട്ടും അത് ബജറ്റിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിൻ്റെ കാരണമെന്താണെന്ന് സുരേഷ് ഗോപി പഠിക്കണം.

ബജറ്റ് തീർത്തും വിവേചനപരമാണെന്ന ആരോപണം ശരിയാണെന്ന് തെളിയുകയാണ്. തൃശൂർ ജില്ലയുടെ സമഗ്ര വികസനം എന്ന ചിന്തയ്ക്കപ്പുറം ജനങ്ങൾക്ക് അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്തു തീർക്കുക എന്ന എംപിയുടെ ചുമതല നിർവഹിച്ചാൽ തന്നെ ഏറെ പ്രയോജനകരമായിരിക്കും. കേവലം ഡയലോഗിനപ്പുറം വികസന പ്രസ്താവനകൾ നടത്തുമ്പോൾ അത് പ്രയോഗികമാകുമോ എന്ന് കൂടി തൃശൂർ എംപി ചിന്തിക്കണം.

കേരളത്തിന്റെ സാംസ്‌കാരിക നഗരമാണ് തൃശൂർ. മതേതരത്വം കാത്തു സൂക്ഷിച്ചു മുന്നേറുന്നവരുടെ നാട്. സുരേഷ് ഗോപിയിൽനിന്ന് തൃശൂരുകാർ വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്. വാക്കുകൾക്കപ്പുറത്തേക്ക് ഈ മനുഷ്യൻ വികസനം യാഥാർഥ്യമാക്കുമെന്ന് ഓരോ തൃശൂരുകാരനും പ്രത്യാശിക്കുന്നു. ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസമ്മേളനത്തിലെ വാക്കുകൾ പാഴ്‌വാക്കുകളായി. നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ വോട്ടുകളാണ് കൂടുതൽ കിട്ടിയതെന്ന് അദ്ദേഹം മനസിലാക്കണം. തൃശൂരിലെ തേക്കിൻകാട് മൈതാനിയിൽ നടന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന വനിതാ സമ്മേളനത്തിൽ, രാജ്യത്തെ സ്ത്രീകളുടെ വികസനത്തിന് നരേന്ദ്രമോദിയുടെ ഉറപ്പുണ്ടെന്ന പ്രധാനമന്ത്രിയുടെ ഗ്യാരന്റി തൃശൂരിൽ ഇനിയും നടപ്പാക്കുമോ? സ്ത്രീ ശാക്തീകരണത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികളിൽ എന്തെങ്കിലും തൃശൂരിൽ കേരളത്തിനും ലഭ്യമാക്കാൻ ഇനിയെങ്കിലും രണ്ടു കേന്ദ്ര സഹമന്ത്രിമാരും പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Also Read : Budget 2024: ആദായ നികുതി സ്ലാബിൽ ആശ്വസിക്കാം; സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75000 ആക്കി

നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ എയിംസ് ഉൾപ്പെടെ ചില ആവശ്യങ്ങളെങ്കിലും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നൽകിയപ്പോൾ കേരളത്തിൻ്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചില്ല.

കേരളത്തിൽ ആദ്യമായി ബിജെപിക്ക് സീറ്റ് കിട്ടിയതിന് ശേഷമുള്ള ബജറ്റെന്ന നിലയിൽ സംസ്ഥാനത്തിൻ്റെ ചില ആവശ്യങ്ങളെങ്കിലും കേന്ദ്രം ചെവിക്കൊള്ളുമെന്നായിരുന്നു പ്രതീക്ഷ. എയിംസ്, നികുതിവിഹിതം, വിഴിഞ്ഞം തുറമുഖം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം, റബ്ബർ താങ്ങുവില, കോഴിക്കോട്- വയനാട് തുരങ്കപാത എന്നിങ്ങനെ കേരളം പ്രതീക്ഷയർപ്പിച്ച പല പദ്ധതികളുമുണ്ടായിരുന്നു. എന്നാൽ ഒന്ന് പോലും ബജറ്റലുണ്ടായില്ല.