ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി
Supreme Court on Elephant Procession Guidelines: ഹൈക്കോടതി ഉത്തരവിൽ പറയുന്നത് പ്രകാരം എങ്ങനെയാണ് ആനകൾക്ക് മൂന്ന് മീറ്റർ അകലം പാലിക്കാൻ സാധിക്കുകയെന്നും സുപ്രീം കോടതി ചോദിച്ചു.
ന്യൂഡൽഹി: ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2012-ലെ ചട്ടങ്ങൾ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പ്രയോഗികതയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. 2012-ലെ ചട്ടങ്ങൾ അനുസരിച്ച് ആന എഴുന്നള്ളിപ്പിന് കൃത്യമായ മാർഗരേഖ ഉണ്ടെന്നും, ആ മാർഗരേഖയ്ക്ക് പുറത്തുള്ള നിർദേശങ്ങൾ നൽകാൻ ഹൈക്കോടതിക്ക് സാധിക്കില്ലെന്നും പറഞ്ഞു.
ഹൈക്കോടതി ഉത്തരവിൽ പറയുന്നത് പ്രകാരം എങ്ങനെയാണ് ആനകൾക്ക് മൂന്ന് മീറ്റർ അകലം പാലിക്കാൻ സാധിക്കുകയെന്നും സുപ്രീം കോടതി ചോദിച്ചു. അതുപോലെ തന്നെ, രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ എഴുന്നള്ളിപ്പ് പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന ഒന്നല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മിക്ക ആഘോഷങ്ങളും നടക്കുന്നത് രാവിലെ അഞ്ച് മുതൽ രാത്രി ഒമ്പത് മണി വരെ ആണെന്നും, അതിനാൽ ആ നിർദേശം പാലിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്ത നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ വീതം അകലം പാലിക്കണം എന്ന മാനദണ്ഡത്തിൽ ഒരിളവും ലഭിക്കില്ലെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ല ആന എഴുന്നള്ളിപ്പ് എന്നും, ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇവിടെ പ്രാധാന്യം എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ALSO READ: കാട് കയ്യേറുന്ന മനുഷ്യനും അവര്‍ക്കിടയിലെ മൃഗങ്ങളും; വന്യജീവി ആക്രമണത്തിന് കാരണം നമ്മള്‍ തന്നെയോ?
പ്രധാനപ്പെട്ട അല്ലെങ്കിൽ അനിവാര്യമായ ആചാരങ്ങളിൽ മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്നും, ആനകളെ ഉപയോഗിക്കരുത് എന്നല്ല മറിച്ച് മാനദണ്ഡങ്ങൾ പാലിക്കണം എന്നാണ് പറയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, വിഷയത്തിൽ സർക്കാർ ഇടപെട്ടിരുന്നില്ല. അതുകൊണ്ടാണ് ഹൈക്കോടതി തന്നെ മാനദണ്ഡം കൊണ്ടുവന്നത്. ഇനി സർക്കാരിന്റെ ചട്ടം നിലവിൽ വരുന്നത് വരെ ഈ മാനദണ്ഡം പാലിക്കണം എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്.
ഹൈക്കോടതി കൊണ്ടുവന്ന മാനദണ്ഡത്തിനെതിരെ കനത്ത പ്രതിഷേധം ആണ് പല ഭാഗങ്ങളിൽ നിന്നായി ഉയർന്നത്. ഈ മാനദണ്ഡങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇത് രാജഭരണ കാലം അല്ലെന്നായിരുന്നു കോടതി പറഞ്ഞത്. രാജഭരണ കാലത്ത് ഇത് നിലനിന്നിരുന്നു എന്നുപറഞ്ഞ് ഇപ്പോഴും ഇത് തുടരണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ഇത് ജനാതിപത്യ കാലമാണെന്നും കോടതി പറഞ്ഞിരുന്നു.