NSS Schools Appointment Confirmation: എൻഎസ്എസിന് കീഴിലുള്ള സ്‌കൂളുകളിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്തണം; ഉത്തരവുമായി സുപ്രീംകോടതി
Supreme Court Directs to Confirm Appointments in NSS Schools: നിലവിൽ കേരള ഹൈക്കോടതിയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളുകളിലെ നിയമനം സർക്കാർ സ്ഥിരപ്പെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീംകോടതി
ന്യൂഡൽഹി: നായർ സർവീസ് സൊസൈറ്റിക്ക് (എൻഎസ്എസ്) കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക – അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്ന ഉത്തരവുമായി സുപ്രീംകോടതി. 2021 മുതൽ നടന്ന നിയമനങ്ങൾ ആണ് സ്ഥിരപ്പെടുത്താൻ കോടതി നിർദേശിച്ചത്. ജസ്റ്റിസ് ബിആർ ഗവാവ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്.
ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്ത തസ്തികകൾ ഒഴികെ ബാക്കിയുള്ള 350 ലധികം തസ്തികകളിലാണ് നിയമനം നടത്തുക. നിയമനം സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിട്ടില്ല. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.
നിലവിൽ കേരള ഹൈക്കോടതിയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളുകളിലെ നിയമനം സർക്കാർ സ്ഥിരപ്പെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമനം സ്ഥിരപ്പെടുത്തത് കൊണ്ട് തന്നെ ശബളം പോലും ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യേണ്ട സാഹചര്യമാണ്.
ഭിന്നശേഷിക്കാർക്ക് സംവരണത്തിന് 60 തസ്തികകൾ മാറ്റവെച്ചിട്ടുണ്ടെന്നും എൻഎസ്എസ് അറിയിച്ചിട്ടുണ്ട്. ഇത് ഒഴികെയുള്ള തസ്തികളിലേക്ക് നിയമനം നടത്താനുള്ള അനുമതി തേടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. അതേസമയം, ഭിന്നശേഷി സംവരണ തസ്തികകൾ ഒഴികെയുള്ള തസ്തികളിലേക്കുള്ള നിയമനം സ്ഥിരപ്പെടുത്തുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.
കേസില്‍ എന്‍എസ്എസിനായി മുതിര്‍ന്ന അഭിഭാഷകന്‍ ദാമാ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം ഗീരീഷ് കുമാര്‍, വിജുലാല്‍ എന്നിവരാണ് ഹാജരായത്. കൂടാതെ, മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേഷ്, സ്റ്റാന്റിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവർ സംസ്ഥാന സര്‍ക്കാരിനായും ഹാജരായി.