AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supplyco Reduces Prices: അഞ്ചിനങ്ങൾക്ക് നാളെ മുതൽ വിലമാറും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

Supplyco Reduces Subsidized Items Price: നാളെ മുതൽ ഈ വിലയുടെ അടിസ്ഥാനത്തിലാണ് അഞ്ചിനങ്ങളും സപൈക്കോയിൽ വിൽക്കുക. നാലുമുതൽ പത്തുരൂപ വരെയാണ് കുറച്ചിരിക്കുന്നത്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയുടെ വിലയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

Supplyco Reduces Prices: അഞ്ചിനങ്ങൾക്ക് നാളെ മുതൽ വിലമാറും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
SupplycoImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 10 Apr 2025 21:38 PM

തിരുവനന്തപുരം: അഞ്ചിനങ്ങൾക്ക് വിലക്കുറച്ച് സപ്ലൈക്കോ. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയുടെ വിലയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നാളെ മുതൽ പുതുക്കിയ വിലയിലാവും ഈ ഇനങ്ങൾ ലഭ്യമാവുക. നാലുമുതൽ പത്തുരൂപ വരെയാണ് കുറച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ മുന്നോട്ടുപോകുന്നതെന്നും സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

വിഷു, ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നിർവഹിച്ചു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലറ്റുകളിൽ ഏപ്രിൽ 19 വരെ ഫെയറുകൾ നടക്കുന്നതാണ്.

വിഷു-ഈസ്റ്റർ കാലയളവിലും ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകുന്ന തരത്തിൽ സാധനങ്ങൾക്ക് വിലകുറച്ചാണ് വില്പന നടത്തുന്നത്. മാറ്റിയ വിലയനുസരിച്ച്, തുവര പരിപ്പിന്റെ വില 115 രൂപയിൽ നിന്ന് 105 രൂപയായി കുറച്ചിട്ടുണ്ട്. കൂടാതെ ഉഴുന്നിന്റെ വില 95 രൂപയിൽ നിന്നും 90 രൂപയായും വൻകടലയുടെ വില 69 രൂപയിൽ നിന്നും 65 രൂപയായും വൻപയറിന്റെ വില 79 രൂപയിൽ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയിൽ നിന്നും 57.75 രൂപയായുമാണ് കുറച്ചിരിക്കുന്നത്.

നാളെ മുതൽ ഈ വിലയുടെ അടിസ്ഥാനത്തിലാണ് അഞ്ചിനങ്ങളും സപൈക്കോയിൽ വിൽക്കുക. അതേസമയം, സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ വിഷു-ഈസ്റ്റർ സബ്‌സിഡി ചന്ത ഏപ്രിൽ 11 മുതലാണ് ആരംഭിക്കുന്നത്. കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു-ഈസ്റ്റർ ചന്ത ഏപ്രിൽ 21 വരെ നീണ്ടുനിൽക്കും.

പൊതു മാർക്കറ്റിനേക്കാൾ ഉപയോക്താക്കൾക്ക് 40 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിത്യോപയോഗ സാധനങ്ങൾ നാളെ മുതൽ ലഭിക്കുക. ഇതിനുപുറമെ പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, തുടങ്ങിയവയ്ക്ക് സർക്കാർ സബ്‌സിഡിയോട് കൂടിയും വിഷു ഈസ്റ്റർ ചന്തയിൽ നിന്ന് ലഭിക്കും.