എംപിയായാല്‍ ഉടന്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ട’മെന്നാക്കും: കെ സുരേന്ദ്രന്‍
സുല്‍ത്താന്‍ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിച്ച്, ഹിന്ദുക്കളെ മതംമാറ്റി മുസ്ലീമാക്കിയ വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍. മോദിയുടെ സഹായത്തോടെ ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമെന്നാക്കും. എംപിയായാല്‍ എന്റെ ആദ്യ പരിഗണന പേര് മാറ്റുന്നതിനായിരിക്കും
കോഴിക്കോട്: വയനാട്ടില്‍ ബിജെപി വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്നത്. സുല്‍ത്താന്‍ ബത്തേരിയല്ല അത് ഗണപതിവട്ടമാണ്. പിന്നീട് ടിപ്പു സുല്‍ത്താന്റെ ആയുധപ്പുരയായതോടെ സുല്‍ത്താന്‍സ് ബാറ്ററി എന്നാകുകയും പിന്നീട് സുല്‍ത്താല്‍ ബത്തേരി ആകുകയുമായിരുന്നു. ഈ വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചാതണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാത്രമല്ല താന്‍ എംപിയായാല്‍ തന്റെ ആദ്യ പരിഗണന സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുന്നതായിരിക്കും. ഇതിന് മോദിയുടെ സഹായം ആവശ്യപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വൈദേശിക ആധിപത്യത്തിനതിരെയും ടിപ്പു സുല്‍ത്താനെതിരെയും വലിയ പോരാട്ടം നടത്തിയ ചരിത്രമുള്ള സ്ഥലമാണ് സുല്‍ത്താന്‍ ബത്തേരി. ടിപ്പു സുല്‍ത്താന്‍ മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ ആക്രമിച്ച് മതം മാറ്റുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വൈദേശിക ആധിപത്യത്തിനെതിരെ പോരാട്ടം നടന്ന ചരിത്രമുള്ള ഇടമാണിത്. പഴശിരാജയും പോരാളികളും ടിപ്പുവിനെതിരെ പടനയിച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷമാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നത്.
സുല്‍ത്താന്‍ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിച്ച്, ഹിന്ദുക്കളെ മതംമാറ്റി മുസ്ലീമാക്കിയ വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍. മോദിയുടെ സഹായത്തോടെ ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമെന്നാക്കും. എംപിയായാല്‍ എന്റെ ആദ്യ പരിഗണന പേര് മാറ്റുന്നതിനായിരിക്കും,’ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മാണം നടന്നത്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിത്. പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ വേണം.
മുഖ്യമന്ത്രി മൗനം വെടിയണം. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി വി മുരളീധരന്റെ വാഹനം തടഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.