Sujith Das IPS: ബലാത്സംഗ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; കുടുംബം തകര്‍ക്കാന്‍ ശ്രമം: സുജിത് ദാസ്
Allegation Against Sujith Das: വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. ഒരാളെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ്.
തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ ബലാത്സംഗ ആരോപണത്തില്‍ പ്രതികരിച്ച് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ്. വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനെതിരെ കേസ് നല്‍കും. എസ്പി ഓഫീസിലേക്ക് 2022ല്‍ സഹോദരന്റെയും കുട്ടിയുടെയും കൂടെയാണ് സ്ത്രീ എത്തിയത്. ഇക്കാര്യം റിസപ്ഷന്‍ രജിസ്റ്ററില്‍ ഉണ്. പോലീസിനെതിരെ നിരന്തരമായി കേസ് കൊടുക്കുന്ന സ്ത്രീയാണ് തനിക്കെതിരെ ആരോപണവുമായി വന്നിരിക്കുന്നത്. ഇവര്‍ ഒരു എസ്ച്ച്ഒയ്‌ക്കെതിരെയും പരാതി നല്‍കിയിരുന്നുവെന്ന് സുജിത് ദാസ് ആരോപിച്ചു.
ഒരു എസ്എച്ച്ഒയ്‌ക്കെതിരെ ആ സ്ത്രീ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ വെച്ച് അന്വേഷിച്ചതാണ്. ആ സ്ത്രീ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് താന്‍ മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. ഒരാളെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വീട്ടമ്മ ഉന്നയിച്ചിട്ടുള്ള ആരോപണത്തിനെതിരെ പോലീസും രംഗത്തത്തെത്തിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപിക്കും പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
2022ല്‍ വീട്ടമ്മ എസ്എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാന്‍ എസ്പി, ഡിവൈഎസ്പി ബെന്നിക്ക് കൈമാറുകയും വിശദമായ അന്വേഷണത്തില്‍ എസ്എച്ച്ഒക്കെതിരായ ആരോപണം തെറ്റാണെന്ന് താനൂര്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയതാണെന്നുമാണ് പോലീസ് പറയുന്നത്.
എന്നാല്‍ എസ്പി സുജിത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതി പറയുന്നത്. പിവി അന്‍വര്‍ ഇവര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനാലാണ് താനും ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പൊന്നാനിയിലെ ഒരു സിപിഎം നേതാവിന്റെ വീട്ടിലെത്തിയിരുന്നു. താന്‍ അദ്ദേഹത്തെ അവിടെ പോയി കണ്ടിരുന്നു എന്നും വീട്ടമ്മ കൂട്ടിച്ചേര്‍ത്തു.
എസ്പി സുജിത്ത് ദാസ് തന്നെ രണ്ടു തവണ ബലാത്സംഗം ചെയ്തു. ഇക്കാര്യം പരാതിപ്പെടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്നും സുജിത്ത് ദാസ് പറഞ്ഞു. രണ്ടാമത്തെ തവണ തന്നെ ബലാത്സംഗം ചെയ്തപ്പോള്‍ ഇയാള്‍ക്കൊപ്പം ഒരു ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നു. അയാള്‍ കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അയാള്‍ക്ക് കൂടി താന്‍ വഴങ്ങണമെന്നും സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അതിനു തയാറായില്ലെന്നും രണ്ടു വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും വീട്ടമ്മ വെളിപ്പെടുത്തി.
ഒരു പരാതിയുമായി സുജിത് ദാസിനെ രണ്ടു തവണ പോയി കണ്ടു. കുട്ടിയില്ലാതെ പിന്നീടൊരിക്കല്‍ തനിച്ച് വരാന്‍ ആണ് എസ്പി ആവശ്യപ്പെട്ടത്. കോട്ടയ്ക്കയിലേക്ക് വരാനും ആവശ്യപ്പെട്ടു. വേറാരുടെയോ നമ്പറില്‍ നിന്നാണ് തന്നെ വിളിച്ചത്. അങ്ങനെ അവിടെ എത്തിയപ്പോള്‍, എസ്പി ഓഫീസിന് കുറച്ച് അകലെയായുള്ള മറ്റൊരു വീട്ടിലേക്ക് ഒരാള്‍ തന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ എസ്പി ഉണ്ടായിരുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്.
പിന്നീട് പലപ്പോഴായി വീഡിയോ കോള്‍ വിളിക്കുമായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞ് സുജിത് ദാസ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോള്‍ അവര്‍ മദ്യപിക്കുകയായിരുന്നു. തനിക്ക് അവര്‍ ജ്യൂസ് നല്‍കിയെന്നും, പിന്നീട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.
Also Read: S P Sujith Das: ഒടുവിൽ സുജിത് ദാസ് തെറിച്ചു, എസ്പിക്ക് സസ്പെൻഷൻ
അതേസമയം, പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത്ത് ദാസിനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ വിവാദ ഫോണ്‍ കോളിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസാണ് എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഡിജിപിയുടെ ഉത്തരവിന്മേലാണ് നടപടി. സുജിത് ദാസ് ഗുരുതരചട്ട ലംഘനം നടത്തിയെന്ന് ഡിജിപി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജില്ലാ പോലീസ് മേധാവി ചുമതലയില്‍ നിന്ന് സുജിത്ത് ദാസിനെ നീക്കിയതിന് പിന്നാലെ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് നിര്‍ദേശം നല്‍കിയിരുന്നു. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ സര്‍വ്വീസിലിരിക്കുന്ന കാലത്തോളം പിവി അന്‍വര്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്ന് പറയുന്ന സുജിത്ത് ദാസിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. പിവി അന്‍വര്‍ എംഎല്‍എയാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. പോലീസ് സേനയെ നാണംകെടുത്തിയ ഈ ഫോണ്‍ കോളിലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടപടിയെടുത്തിരിക്കുന്നത്.