5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cocoa price : കൊക്കോയെ വിശ്വസിക്കല്ലേ… വില താഴേക്ക് കൂപ്പുകുത്തി…

കായ തിന്നുന്ന മരപ്പട്ടികളുടെയും കുരങ്ങുകളുടെയും ശല്യമൊഴിവാക്കാൻ കർഷകർ കാവലിരിക്കാൻ തുടങ്ങി. എല്ലാം ഇപ്പോൾ വെള്ളത്തിലായി.

Cocoa price : കൊക്കോയെ വിശ്വസിക്കല്ലേ… വില താഴേക്ക് കൂപ്പുകുത്തി…
cocoa pods containing cocoa beans (image - John Seaton Callahan/Moment/Getty Images )
aswathy-balachandran
Aswathy Balachandran | Updated On: 13 Sep 2024 14:53 PM

കൊച്ചി: ഒരു സുപ്രഭാതത്തിൽ മാനംമുട്ടെ ഉയർന്ന് കർഷകരെ സ്വപ്നം കാണിച്ചതാണ് കൊക്കൊ. പലരും വില കുതിച്ചുയരുന്നത് കണ്ട് കൃഷി പോലും തുടങ്ങി. ഇപ്പോൾ ആ സ്വപ്നങ്ങൾ തകർത്തുകൊണ്ട് കൊക്കോ വില താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കൊക്കോ പച്ചബീൻസിന് കിലോയ്ക്ക് 350 രൂപയായിരുന്നു. ഇത് 60-ലേക്കു വീണിരിക്കുന്നു. ആയിരത്തിനു മുകളിൽ വിലയുണ്ടായിരുന്ന ഉണക്കബീൻസ് 300-ലേക്കു കൂപ്പുകുത്തി.

പ്രധാന കൊക്കോ ഉത്പാദകരാജ്യങ്ങളായ ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതായിരുന്നു വില ഉയരാൻ കാരണം. ഈ രാജ്യങ്ങളിൽ ഇപ്പോൾ ഉത്പാദനം ഉയർന്നു. ഇതോടെ ഇവിടുത്തെ വില കുത്തനെ താഴേക്ക് ഇടിഞ്ഞു. സംഭരണ ഏജൻസികൾ സീസണിൽ ഉത്പന്നം വൻതോതിൽ സംഭരിച്ചതും മറ്റൊരു കാരണം.

ALSO READ – യെച്ചൂരിക്കായി പിണക്കം മറന്നു; ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലെത്തി

ഇതിനു പുറമേ മഴക്കാലത്ത് കൊക്കോ ബീൻസിന്റെ ഗുണനിലവാരക്കുറവും ഇരുട്ടടി ആയി. കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ നഴ്‌സറികളിൽ നിന്നു വൻതോതിലാണ് കൊക്കോതൈകൾ വിറ്റുപോയത് എന്നാണ് വിവരം. കൊക്കോയുടെ ആഗോള ഉപഭോഗം വർധിക്കുന്ന സമയം ആയിരുന്നു അത്. അപ്പോൾ കൃഷി ചെയ്താലും നഷ്ടമുണ്ടാകില്ലെന്നു കരുതിയാണ് പലരും കൃഷിക്കായി ഇറങ്ങിയത്.

വില കുതിച്ചുയരുകയും കൊക്കോയ്ക്ക് ദൗർലഭ്യം നേരിടുകയും ചെയ്തതോടെ സംഭരണ ഏജൻസികൾ കർഷകരുടെ പക്കൽ നേരിട്ടെത്തി മാർക്കറ്റ് വിലയെക്കാൾ കൂടുതൽ നൽകിത്തുടങ്ങി. ഇതും പ്രതീക്ഷ കൂട്ടി. കാംകോ, മോണ്ടലിസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, മലബാർ അഗ്രോ ഇൻഡസ്ട്രീസ് എന്നിവ ഉൾപ്പെടെ പത്തോളം ഏജൻസികളാണ് മലയോരമേഖലയിൽ നിന്ന് ഏതാനും മാസം മുന്നേ വ്യാപകമായി കൊക്കോ സംഭരിച്ചത്.

ഉത്പാദനം കുറവായിരുന്നെങ്കിലും അധികവില കൊക്കോ കർഷകർക്ക് വലിയ നേട്ടമുണ്ടാക്കി. കൊക്കോ തോട്ടങ്ങളിൽ മോഷണം തടയാൻ കാവലേർപ്പെടുത്തുന്ന രീതികൾ വരെ വന്നു. കായ തിന്നുന്ന മരപ്പട്ടികളുടെയും കുരങ്ങുകളുടെയും ശല്യമൊഴിവാക്കാൻ കർഷകർ കാവലിരിക്കാൻ തുടങ്ങി. എല്ലാം ഇപ്പോൾ വെള്ളത്തിലായി.

ചോക്ലെറ്റ്, ബേബി ഫുഡ്‌സ്, ഔഷധങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവയ്ക്ക് കൊക്കോ വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. കൊക്കോയുടെ അധികവിലയും ഉത്പാദനത്തിലെ കുറവും കൊക്കോ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ വില വർധനയ്ക്കും ഇടയാക്കിയിരുന്നു.