Students Death Kottayam : ചൂണ്ടയിടാൻ പോയി പിന്നെ മടങ്ങിയില്ല; കോട്ടയത്ത് രണ്ട് കുട്ടികൾ പാറക്കുളത്തിൽ മുങ്ങി മരിച്ചു
Students death Kottayam : ചൂണ്ടയിടുന്നതിനിടെ കുട്ടികളിൽ ഒരാൾ കാൽ വഴുതി പാറക്കുളത്തിൽ വീണു. കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തിൽ വീണത്.
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് രണ്ടു കുട്ടികൾ പാറക്കുളത്തിൽ മുങ്ങി മരിച്ചു. ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികളാണ് കുളത്തിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. അവധി ദിവസമായതിനാൽ അയൽവാസികളായ കുട്ടികൾ ചെമ്പുപുറത്തുള്ള പാറക്കുളത്തിൽ ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
അഭിനവ്, ആദർശ് എന്നീ കുട്ടികളാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരാൾ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. ചൂണ്ടയിടുന്നതിനിടെ കുട്ടികളിൽ ഒരാൾ കാൽ വഴുതി പാറക്കുളത്തിൽ വീണു. കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തിൽ വീണത്.
അധികം ആരും വരാത്ത ഒഴിഞ്ഞ പ്രദേശമായതിനാൽ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ഇതുകൊണ്ടു തന്നെ കുട്ടികളുടെ ശബ്ദം കേട്ടും ആരുമെത്തിയില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങിയത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
ALSO READ : മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്; സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു
പശുവിനെ കെട്ടാൻ പോയി, മൂന്നു വയസുകാരൻ കുളത്തിൽ വീണുമരിച്ചു
ഇടുക്കിയിൽ മൂന്നു വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. വൈഷ്ണവ്-ശാലു ദമ്പതികളുടെ മകൻ ധീരവാണ് മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം നടന്നത്. വല്യമ്മ ജാൻസിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയപ്പോഴാണ് അപകടം നടന്നത്.
പശുവിനെ കെട്ടിയശേഷം നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. തുടർന്ന് ജാൻസി ബഹളം വക്കുകയും തൊഴിലുറപ്പു പണിക്കെത്തിയ സ്ത്രീകൾ അന്വേഷിക്കാൻ സഹായിക്കുകയും ചെയ്തു. അന്വേഷണത്തിൽ കുട്ടിയെ കുളത്തിൽ കണ്ടെത്തുകയായിരുന്നു.