Trivandrum Airport: കരാർ ജീവനക്കാരുടെ സമരം; തിരുവനന്തപുരം എയർപോർട്ടിൽ വിമാനങ്ങൾ വെെകുന്നു; സർവ്വീസ് റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ
Strike at Trivandrum Airport: 100- കണക്കിന് ജീവനക്കാരാണ് സമരവും പരിഷ്കാരവും ബോണസും ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Trivandrum International Airport) കരാർ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാന സർവ്വീസുകൾ വെെകുന്നു. ഒന്നര മണിക്കൂറോളമാണ് സർവ്വീസുകൾ വെെകുന്നത്. വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എയർ ഇന്ത്യ സാറ്റ്സ് (Air India Sats) കരാർ ജീവനക്കാർ ഇന്നലെ രാത്രി മുതലാണ് പണിമുടക്കിയത്.
ഗ്രൗണ്ട് ഹാൻഡലിംഗ് ഏജൻസിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. സമരക്കാരുമായി അധികൃതർ നടത്തിയ ചർച്ച ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്. പണിമുടക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സർവീസുകളെ ബാധിച്ചേക്കും. അതേസമയം, തടസമുണ്ടാകാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് എയർ ഇന്ത്യ സ്റ്റാസ് അറിയിച്ചിരിക്കുന്നത്.
സമരത്തെ തുടർന്ന് വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ലാൻഡിംഗിന് ശേഷം ലാഗേജുകൾ കളക്ടുചെയ്യുന്നതിൽ ഉൾപ്പെടെ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ബാഗിന്റെ പൂട്ടുപൊളിച്ച നിലയിലാണ് ലാഗേജ് കിട്ടിയതെന്നും സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നും യാത്രക്കാരൻ പറഞ്ഞു. പരാതിപ്പെട്ടിട്ട് നടപടിയെടുക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നും ഇയാൾ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. വിസാതാരയുടെ(Vistara Airline) തിരുവനന്തപുരം- ബെംഗളൂരു സർവ്വീസിനെയായിരുന്നു സമരം ആദ്യം ബാധിച്ചത്.
ജീവനക്കാരുടെ സമരത്തെ തുടർന്ന് കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യേണ്ട 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്. മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് ഭക്ഷ്യവസതുകൾ കയറ്റി അയക്കേണ്ടിയിരുന്നത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ 23 ടൺ സാധനങ്ങൾ കയറ്റി അയച്ചിരുന്നു.
ഇന്നലെ രാത്രി 10 മണിമുതലാണ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. 100- കണക്കിന് ജീവനക്കാരാണ് സമരവും പരിഷ്കാരവും ബോണസും ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സമരം ആരംഭിക്കുമെന്ന് നേരത്തെ തന്നെ അധികൃതർക്ക് കത്തുനൽകിയിരുന്നതായി സമരക്കാർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ജീവനക്കാരുടെ നിലപാട്. ജീവനക്കാർ സമരം അവസാനിപ്പിച്ചില്ലെങ്കിൽ വരും മണിക്കൂറുകളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റും.