Stray Dog: തെരുവുനായയെ കണ്ട് പേടിച്ച് പിന്നോട്ടുമാറി; കൊല്ലത്ത് കനാലിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം
Stray Dogs Presence Child Die: തെരുവുനായയെ കണ്ട് പേടിച്ച എട്ട് വയസുകാരൻ കനാലിൽ വീണ് മരിച്ചു. മുത്തശ്ശിയോടൊപ്പം നടന്നുവരവെ തെരുവുനായയെ കണ്ട് പേടിച്ച കുട്ടി പിന്നോട്ട് മാറുന്നതിനിടെ കനാലിൽ വീഴുകയായിരുന്നു.

തെരുവുനായയെ കണ്ട് പേടിച്ച് പിന്നോട്ടുമാറിയ എട്ടുവയസുകാരൻ കനാലിൽ വീണ് മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം തെരുവുനായ ആക്രമിച്ചതിനെ തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
ഫെബ്രുവരി 9 രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മുത്തശ്ശിയോടൊപ്പം കനാലിൻ്റെ അരികിലൂടെ നടന്ന് വന്നുകൊണ്ടിരുന്ന യാദവ് തെരുവുനായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറി. ഇതോടെ കാൽ തെറ്റി കുട്ടി കനാലിലേക്ക് വീഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് പുറത്തേക്കെടുത്ത് യാദവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. കനാലിൽ നിന്ന് പുറത്തെടുക്കുമ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ആലപ്പുഴയിലാണ് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. മൂന്ന് മാസം മുൻപാണ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടിവീണത്. സ്കൂളിൽ നിന്ന് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ ദേഹത്ത് പോറലോ മുറിവുകളോ ഒന്നും ഉണ്ടായില്ലെന്നതിനാൽ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തതുമില്ല. എന്നാൽ, രണ്ടാഴ്ച മുൻപ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയായിരുന്നു. നിലവിൽ അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പനിയിലായിരുന്നു തുടക്കം. പലതവണ ചികിത്സിച്ചിട്ടും പനി മാറിയില്ല. വെള്ളം കുടിക്കാൻ കുട്ടി മടി കാണിക്കുകയും വെള്ളം കാണുമ്പോള്‍ പേടിക്കുന്നതും ഉൾപ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടതിനെനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചു. പിന്നാലെ, ഈ മാസം ഏഴിന് തിരുവല്ലയിലെ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു.
ആലപ്പുഴയിൽ തന്നെ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്തിലെ നാല്, അഞ്ച് വാർദുകൾ ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു ആക്രമണം. ജനുവരി 31നാണ് നായ ആളുകളെ ആക്രമിച്ചത്. രണ്ടുപേരുടെ മുഖം കറിച്ചുപടിച്ചു. പരിക്കേറ്റവർക്കെല്ലാം പ്രതിരോധ കുത്തിവെയ്പ് നൽകിയിരുന്നു. 12 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ചേർത്തലയിൽ നിന്ന് പ്രത്യേക സംഘം എത്തി നായയെ പിടികൂടി. തുടർന്ന്, നിരീക്ഷണത്തിലിരിക്കെ നായ ചത്തു.