Stray Dog Attack: പ്രഭാതസവാരിക്കിടെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു; സംഭവം കോവളം ബീച്ചില്‍
Stray Dog Attacks Coast Guard Officer: കോവളം ബീച്ചിൽ വെച്ച് വ്യാഴാഴ്ച ഏഴ് മണിയോടെ ആണ് സംഭവം. നടക്കുന്നതിനിടെ നായ ഓടിയെത്തി ശുഭാനന്ദിനെ ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ കോവളം ബീച്ചിൽ വെച്ച് തെരുവുനായ കടിച്ചു. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശുഭാനന്ദിനെ (35) ആണ് തെരുവുനായ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ വലതു കൈയിലും ഇടതു കാലിലും കടിയേറ്റിട്ടുണ്ട്.
കോവളം ബീച്ചിൽ വെച്ച് വ്യാഴാഴ്ച ഏഴ് മണിയോടെ ആണ് സംഭവം. നടക്കുന്നതിനിടെ നായ ഓടിയെത്തി ശുഭാനന്ദിനെ ആക്രമിക്കുകയായിരുന്നു. വലുതെ കൈയുടെ പല ഭാഗത്തും നായയുടെ പല്ലുകൾ താഴ്ന്നിട്ടുണ്ട്. തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ALSO READ: വീണ്ടും കാട്ടാന ആക്രമണം; പുൽപള്ളിയിൽ 22 കാരന് ദാരുണാന്ത്യം
ആശുപത്രിയിൽ എത്തിച്ച ശുഭാനന്ദിന് പ്രതിരോധ വാക്സിൻ നൽകി. അതേസമയം, കോവളത്ത് ഉള്ള തെരുവ് നായകൾ, വിനോദ സഞ്ചാരികളെ ഉൾപ്പടെ ആക്രമിക്കുന്നത് പതിവാണ്. ഈ സംഭവത്തോടെ തെരുവ് നായകളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കോർപറേഷനോട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
അതേസമയം, ഈ വർഷത്തിന്റെ തുടക്കത്തിൽ ആലപ്പുഴ ചെന്നിത്തലയിലും തെരുവ് നായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. പത്ര ഏജന്റ് ഉൾപ്പെടെ രണ്ടു പേർക്കാണ് അന്ന് തെരുവ് നായയുടെ കടിയേറ്റത്. പുത്തൻ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മയെയും (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ. എൻ. തങ്കപ്പനെയും ആണ് തെരുവ് നായ ആക്രമിച്ചത്.
തുടർന്ന് അവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുത്തൻ കോട്ടയ്ക്കകം വിളയിൽ ഭാഗത്ത് കഴിഞ്ഞ ഏതാനും നാളുകളായി തെരുവ് നായ്ക്കളുടെ ശല്യം വർധിച്ച് വരികയാണെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.