State Election Commission Kerala : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ; വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ വെള്ളിയാഴ്ച വരെ അവസരം
Local Government Elections 2024 kerala 2024 : ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇനി വരാനുള്ളത്. ഇതിൻ്റെ മുന്നോടിയായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.
ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് ഇപ്പോൾ പുതുക്കുന്നത്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിനാണ് പ്രസിദ്ധീകരിക്കുക. നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ്.
തദ്ദേശവോട്ടർപട്ടിക തയ്യാറാക്കുന്നതാകട്ടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും. നിയമസഭ, ലോക്സഭ വോട്ടർപട്ടികയിൽ പേരുണ്ടായിട്ട് മാത്രം കാര്യമില്ല തദ്ദേശവോട്ടർ പട്ടികയിൽ പേരു വേണം എന്നാണ് ചട്ടം. തദ്ദേശവോട്ടർ പട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പോയി പരിശോധിക്കാൻ കഴിയും.
ALSO READ : കെ.എസ്.ഇ.ബി.യിൽ ജോലി ; രജിട്രേഷൻ ഫീസായി ലക്ഷങ്ങൾ… പുതിയ തട്ടിപ്പു സംഘങ്ങൾ രംഗത്ത്
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് രജിസ്ട്രേഷൻ ഓഫീസർ. കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരാണ് ഈ സ്ഥാനത്തുള്ളത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ
- sec.kerala.gov.in എന്ന വെബ്സൈറ്റിൽ വേണം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
- ഇതിനായി അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (jpg, jpeg formatൽ ആയിരിക്കണം.
- വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയൽപക്കത്തുള്ളവരുടെയോ വോട്ടർപട്ടികയിലെ സീരിയൽ നമ്പർ (വെബ്സൈറ്റിലെ വോട്ടർസർവീസ് ക്ലിക്ക് ചെയ്ത് വോട്ടർസെർച്ച് വഴി കണ്ടെത്താം)
- തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡിന്റെ പേരും നമ്പരും, പോളിംഗ് ബൂത്തിന്റെ പേരും നമ്പരും അറിയുക
- ആധാർകാർഡിന്റെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷൻ ഐഡികാർഡിന്റെയോ പാസ്പോർട്ടിന്റെയോ ഡ്രൈവിംഗ് ലൈസൻസിന്റെയോ മറ്റോ നമ്പർ
- വെബ്സൈറ്റിൽ ‘Sign in ‘ക്ലിക്ക് ചെയ്യുക.
- പിന്നീട് സിറ്റിസൺ രജിസ്ട്രേഷൻ നടത്തുക.
- യൂസർ നെയിം ആയി മൊബൈൽ നമ്പർ ഉപയോഗിക്കാം.
- പാസ് വേർഡ് ഓർമ്മിച്ചു വയ്ക്കുക
- പേര് ചേർക്കാനായി’Name Inclusion ‘ (Form 4 ) ക്ളിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
- നിലവിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനായിCorrection (Form6) ക്ളിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
- അപേക്ഷ Confirm ചെയ്യുക. ഇതിനു ശേഷം അപേക്ഷ ഫാറവും ഹീയറിംഗ് നോട്ടീസും ഡൗൺലോഡ് ചെയ്യണം. ഇത് പ്രിന്റ് എടുക്കാം
- ആവശ്യമായ വിവരങ്ങൾ നൽകി അത് പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇ.ആർ.ഒയ്ക്ക് സമർപ്പിക്കണം