M Mukesh: മുകേഷിനെതിരെ സർക്കാർ; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം
M Mukesh: മുൻകൂർ ജാമ്യം നൽകിയത് കേസന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. പരാതിക്കാരിയുടെ മൊഴിയിൽ വെെരുദ്ധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുകേഷിന് കോടതി ജാമ്യം നൽകിയത്.
തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന് മുന്‍കൂർ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹെെക്കോടതിയിൽ ഹർജി നൽകും. മുൻകൂർ ജാമ്യം നൽകിയത് കേസന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം എസ്ഐടിക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്. പരാതിക്കാരിയെ അവിശ്വസിക്കുന്നതാണ് കോടതി വിധിയെന്നും 10 വർഷത്തിലേറെ പഴക്കമുള്ള കേസണെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ മൊഴിയിൽ വെെരുദ്ധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുകേഷിന് കോടതി ജാമ്യം നൽകിയത്.
ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളിയിരുന്നു. 2022-ൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്സ്ആപ്പ് സന്ദേശവും കഴിഞ്ഞ പുതുവത്സര ദിനത്തിൽ അയച്ച ആശംസ സന്ദേശവും കേസിൽ പരാതിക്കാരിയുടെ വാദത്തിന് തിരിച്ചടിയായി. സംസ്ഥാനം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും ജാമ്യം അനുവദിക്കുന്നതിനായി നടൻ കോടതിയിൽ കെട്ടിവച്ചു.
ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. പീഡന പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. വർഷങ്ങൾക്ക് ശേഷം നടന്ന സംഭവത്തിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി മുകേഷ് രംഗത്തെത്തിയിരുന്നു. ‘‘സത്യം ചെരുപ്പിട്ടു വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമപോരാട്ടം തുടരും’’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ലെെംഗികാരോപണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ സാംസ്കാരിക വകുപ്പ് ഒഴിവാക്കിയിരുന്നു. സിപിഎം നിർദേശത്തെ തുടർന്നായിരുന്നു നടപടി. സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
മുകേഷിന്റെ രാജി സിപിആയും ആവശ്യപ്പെട്ടിരുന്നു. മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നത പോലും വകവയ്ക്കാതെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഐ.പി.സി. 354, 509, 452 വകുപ്പുകള്‍ ചുമത്തി മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരുന്നത്.