Boby Chemmanur: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
Special Investigation on Boby Chemmannur's Jail Facilities: ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കുന്നതിനായാണ് ഈ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് എത്തിയത്. എന്നാല്‍ ബോബിയുടെ കൈവശം പണില്ലാത്തതിനാല്‍ ജയില്‍ ചട്ടം മറികടന്ന് ഫോണ്‍ വിളിക്കുന്നതിന് 200 രൂപ നല്‍കി. പിന്നീട് ഇക്കാര്യം രേഖകളില്‍ എഴുതി ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന ആരോപണത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. ബോബി ചെമ്മണ്ണൂരിനോട് അടുപ്പമുള്ളവര്‍ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തിയതായും സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചതായുമാണ് വിവരം.
ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കുന്നതിനായാണ് ഈ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് എത്തിയത്. എന്നാല്‍ ബോബിയുടെ കൈവശം പണില്ലാത്തതിനാല്‍ ജയില്‍ ചട്ടം മറികടന്ന് ഫോണ്‍ വിളിക്കുന്നതിന് 200 രൂപ നല്‍കി. പിന്നീട് ഇക്കാര്യം രേഖകളില്‍ എഴുതി ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ബോബി ചെമ്മണ്ണൂര്‍ ഇനിയും കസ്റ്റഡിയില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്നും സമൂഹത്തിന് ഇപ്പോള്‍ തന്നെ സന്ദേശം ലഭിച്ചില്ലേ എന്നും കോടതി ചോദിച്ചു.
ബോബി ചെമ്മണ്ണൂര്‍ നടത്തിയ പ്രസ്താവനകളോട് കടുത്ത വിയോജിപ്പാണ് കോടതി രേഖപ്പെടുത്തിയത്. ഹണി റോസിന്റെ പരാതിക്ക് അടിസ്ഥാനമായ ഉദ്ഘാടന പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ദ്വയാര്‍ഥ പ്രയോഗമല്ലെങ്കില്‍ എന്താണിതെന്നും ചോദിച്ചു.
നടിയുടെ മാന്യത കൊണ്ടാണ് പൊതുയിടത്തില്‍ വെച്ച് അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെയെല്ലാം പെരുമാറുന്നതെന്നും കോടതി ചോദിച്ചു.
ബോബി ചെമ്മണ്ണൂര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലാക്കുകയായിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹണി റോസിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതെല്ലെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ വാദിച്ചത്. താന്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ മജിസ്‌ട്രേറ്റ് കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി പറഞ്ഞിരുന്നു. ജാമ്യം നല്‍കണമെന്ന ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ഉന്നയിച്ച കാര്യങ്ങള്‍ കേട്ട് എന്താണിത്ര ധൃതിയെന്നാണ് കോടതി തിരിച്ച് ചോദിച്ചത്. എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന നല്‍കുന്ന സമീപനമാണ് കോടതിയുടേത്. മറ്റ് കേസുകള്‍ പരിഗണിക്കാനുണ്ടെന്നും കോടതി പറഞ്ഞിരുന്നു.