Railway Updates : കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പിൽ ഇനി രാജ്യറാണി എക്സ്പ്രസ് നിർത്തും; അറിയിപ്പുമായി ദക്ഷിണ റെയിൽവെ
Nilambur-Thiruvananthapuram North Rajya Rani Express Stops : ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സ്റ്റോപ്പ് വീണ്ടും അനുവദിച്ചിരിക്കുന്നത്. നാഗർകോവിൽ-കോട്ടയം എക്സ്പ്രസിന് ചെറിയനാടും റെയിൽവെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ആലപ്പുഴ : മലപ്പുറം ജില്ലയിലെ നിലമ്പൂർ മുതൽ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വരെ സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പാണ് മാവേലിക്കരയിൽ വീണ്ടും അനവദിച്ചിരിക്കുന്നതെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. മാർച്ച് 22-ാം തീയതി മുതലാണ് രാജ്യറാണി എക്സ്പ്രസ് മാവേലിക്കരയിൽ നിർത്തുക.
“16350 നിലമ്പൂർ – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ്സിന് മാർച്ച് 22 മുതൽ മാവേലിക്കരയിൽ സ്റ്റോപ്പ് അനുവദിച്ചു. 16349 – നോർത്തിൽ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിനിന് നേരത്തെ തന്നെ മാവേലിക്കരയിൽ സ്റ്റോപ്പ് ലഭ്യമാണ്. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പ് ആണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്” കൊടിക്കു്ന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂരിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തുന്ന 16350 ട്രെയിൻ പുലർച്ചെ 2.50ന് മാവേലിക്കരയിൽ എത്തും. മടക്കെയുള്ള സർവീസിന് പുലർച്ചെ 3.28നാണ് മാവേലിക്കരിയിൽ സ്റ്റോപ്പുള്ളത്.
ALSO READ : Railway Updates : പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
കോട്ടയം എക്സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചു
തിരുവനന്തപുരം വഴി നാഗർകോവിൽ-കോട്ടയം എക്സ്പ്രസിനാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് എന്ന സ്റ്റേഷനിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചിരിക്കുന്നത്. വൈകിട്ട് 6.24ന് കോട്ടയത്തേക്കുള്ള ട്രെയിൻ ചെറിയനാട് എത്തും. വൈകിട്ട് 6.33നാണ് തിരികെയുള്ള സർവീസ് ചെറിയനാട് നിർത്തുക. മാർച്ച് 22-ാം തീയതി മുതലാണ് ട്രെയിൻ ചെറിയനാട് നിർത്തും.
കോട്ടയം വഴിയുള്ള സർവീസുകൾക്ക് നിയന്ത്രണം
നാളെ മാർച്ച് 21-ാം തീയതി വെള്ളിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തും. മാവേലിക്കര-ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടിയിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണ പ്രവർത്തികൾക്ക് നടക്കുന്നത് കൊണ്ടാണ് നാളെ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുക. അന്നേദിവസം കോട്ടയം വഴിയുള്ള ചില സർവീസുകൾ വൈകിയോ ആലപ്പുഴയിലൂടെ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് ദക്ഷിണ റെയിൽവെയുടെ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
വെള്ളിയാഴ്ച സർവീസ് നടത്തുന്ന വെരാവെൽ എക്സപ്ര്സും പ്രതിദിന സർവീസായ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസും ആലപ്പുഴ വഴി വഴിത്തിരിച്ച് വിടും. അന്നേ ദിവസം അമൃത എക്സ്പ്രസ് അരമണിക്കൂർ വൈകിയോടുമെന്ന് റെയിൽവെ അറിയിച്ചു.