Special Train Service: ജനറൽ കോച്ചുകൾ മാത്രം, തിരക്കിന് ആശ്വാസമോ?; തിരുവനന്തപുരം-മംഗളൂരു സെപ്ഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു
Thiruvananthapuram Mangaluru Special Train: തിരുവനന്തപുരം നോർത്തിൽ നിന്നെടുക്കുന്ന ട്രെയിൻ മംഗളൂരു ജങ്ഷൻ വരെയാണ് സർവീസ് നടത്തുന്നത്. പൂർണമായും ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനാണ് ഓടിക്കുന്നത്. അതിനാൽ തന്നെ ബുക്കിങ്ങോ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടോ ഉണ്ടാവില്ല.

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നെടുക്കുന്ന ട്രെയിൻ മംഗളൂരു ജങ്ഷൻ വരെയാണ് സർവീസ് നടത്തുന്നത്. മറ്റൊരു സന്തോഷ വാർത്ത എന്തെന്നാൽ പൂർണമായും ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനാണ് ഓടിക്കുന്നത്. അതിനാൽ തന്നെ ബുക്കിങ്ങോ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടോ ഉണ്ടാവില്ല.
06163 തിരുവനന്തപുരം മംഗളൂരു ജങ്ഷൻ സ്‌പെഷൽ ട്രെയിൻ തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരുവിലെത്തിച്ചേരുന്നതാണ്. മേയ് അഞ്ച് മുതൽ ജൂൺ ഒമ്പത് വരെയാണ് സ്പെഷ്യൽ സർവീസ്. കോട്ടയം വഴിയാണ് പോകുന്നത്. തിരിച്ചുള്ള ട്രെയിൻ (06164) മംഗളൂരു ജങ്ഷനിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ആറിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തും. മേയ് ആറ് മുതൽ ജൂൺ 10 വരെയാണ് ഈ സർവീസുണ്ടാവുക.
തിരുവനന്തപുരം നോർത്ത്, കൊല്ലം, ശാസ്താൻകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
അതേസമയം റെയിൽവേ പാലത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ഒരു ട്രെയിൻ പൂർണമായി റദ്ദാക്കുകയും 2 ട്രെയിൻ ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി റെയിൽവേ അറിയിച്ചു. തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.
ഇന്ന് രാത്രി 9.5ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് (66310) റദ്ദാക്കി. കൂടാതെ ഇന്ന് രാവിലെ 11.35 ന് മധുര ജംക്ഷനിൽ നിന്ന് പുറപ്പെടുന്ന മധുര ജംക്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലം ജംക്ഷനിൽ സർവ്വീസ് അവസാനിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിലോട് ഓടുന്ന രണ്ട് ട്രെയിൻ ഭാഗികമായി റദ്ദാക്കും.