Sobha Surendran: ആ പോസ്റ്റ് കാണാനില്ല!’; ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷം
Sobha Surendran - Youth Congress: ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പോസ്റ്റ് നീക്കം ചെയ്തെന്ന് സംശയം. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂരിൻ്റെ പേജിൽ വന്ന പോസ്റ്റാണ് ഇപ്പോൾ അപ്രത്യക്ഷമായത്.

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ യൂത്ത് കോൺഗ്രസ് നേതാവ് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത് ചർച്ചയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പാർട്ടി ഉപാധ്യക്ഷൻ കൂടിയായ ശോഭ സുരേന്ദ്രനെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. തൻ്റെ ഫേസ്ബുക്ക് പേജിൽ ശോഭാ സുരേന്ദ്രൻ്റെ ചിത്രമടക്കം പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ക്ഷണം.
‘ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വാഗതം’ എന്നായിരുന്നു ഹാരിസ് മുഡൂരിൻ്റെ പോസ്റ്റ്. ഇതിനൊപ്പം ശോഭയുടെ ഒരു ചിത്രവുമുണ്ടായിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായി. എന്നാൽ, ഇപ്പോൾ ഈ പോസ്റ്റ് പേജിൽ ഇല്ല. ഇത് നീക്കം ചെയ്തു എന്നാണ് കരുതപ്പെടുന്നത്.
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന നേതൃയോഗത്തിൽ രാജീവിൻ്റെ പേരാണ് ധാരണയായത്. തുടർന്ന് രാജീവ് ചന്ദ്രശേഖർ സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണ സമയത്ത് ശോഭാ സുരേന്ദ്രൻ എത്താതിരുന്നത് അപ്പോൾ തന്നെ ചർച്ചയായിരുന്നു. തൻ്റെ കാർ എത്താൻ വൈകിയതുകൊണ്ടാണ് ഈ സമയത്ത് തനിക്ക് ഓഫീസിലെത്താൻ കഴിയാതിരുന്നത് എന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വിശദീകരണം.
Also Read: Sobha Surendran: ‘ശോഭ സുരേന്ദ്രന് കോൺഗ്രസിലേക്ക് സ്വാഗതം’; പോസ്റ്റ് വൈറൽ
രാജീവ് ചന്ദ്രശേഖർ പുതിയ ആളല്ല എന്ന് ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ വളരെ നിസാരം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പാർട്ടിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. ചില തൽപ്പര കക്ഷികൾ തന്നെ ടാർഗറ്റ് ചെയ്യുകയാണ് എന്നും ശോഭ പ്രതികരിച്ചു.
നേതൃസ്ഥാനത്തേയ്ക്ക് പുതിയൊരു മുഖത്തെ പരിഗണിക്കണമെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിനെ കേരളത്തിൽ പരിഗണിച്ചത്. നാളെ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും പാർട്ടി അധ്യക്ഷനെപ്പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എംടി രമേശ്, വി മുരളീധരൻ തുടങ്ങിയ പേരുകളും സാധ്യത പട്ടികയിൽ ഉണ്ടായിരുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവുമുള്ള രാജീവ് കേന്ദ്ര സഹമന്ത്രിയാവും പ്രവർത്തിച്ചിട്ടുണ്ട്.