5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Snake Bite: സ്കൂളും സുരക്ഷിതമല്ല, വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ

Snake Bite in Classroom: അധ്യാപകരുടെയും അനധ്യാപകരുടെയും വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. സ്കൂളും പരിസരവും കാടുപിടിച്ച് കിടക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് സംഭവം.

Snake Bite: സ്കൂളും സുരക്ഷിതമല്ല, വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ
Student Was Bitten By A SnakeImage Credit source: Social Media
athira-ajithkumar
Athira CA | Updated On: 20 Dec 2024 23:59 PM

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റു. ചെങ്കൽ സർക്കാർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പാമ്പ് കടിയേറ്റത്. ചെങ്കൽ മേക്കോണം സ്വദേശികളായ ഷിബുവിന്റെയും ബീനയുടെയും മകൾ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. നേഹയുടെ വലത് കാൽ പാദത്തിനാണ് പാമ്പു കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ അധ്യാപകർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുന്ന ​കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമല്ല. സ്കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാ പരിപാടികളിൽ‌ നേഹയും പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ കാലിൽ മുള്ളു കുത്തിയത് പോലെയുള്ള വേദന കുട്ടിയ്ക്ക് അനുഭവപ്പെട്ടു. പിന്നാലെ കുട്ടി കുതറി മാറി. തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് പാമ്പു കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. വെെകാതെ അധ്യാപകർപാമ്പിനെ തല്ലിക്കൊന്നു.

വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേഹയ്ക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിട്ടുണ്ട്. ചുരുട്ട എന്ന വിഭാഗത്തിലുള്ള പാമ്പാണ് നേഹയെ കടിച്ചതെന്ന് അധ്യാപകരും കുട്ടികളുടെ ബന്ധുക്കളും പറഞ്ഞു. വിഷമില്ലാത്ത പാമ്പാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ദീർഘകാലമായി സ്കൂളും പരിസരവും കാടുപിടിച്ചു കിടക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. സ്കൂളും പരിസരവും കാടുപിടിച്ച് കിടക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് സംഭവം.

ക്രിസ്മസ് അവധിക്ക് സ്കൂൾ ഇന്ന് അടയ്ക്കാനിരിക്കെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റത് രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്കൂളിൽ പോലും സുരക്ഷയില്ലാത്തിന്റെ തെളിവാണിതെന്നും സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ഉയരുന്നുണ്ട്. ഈ മാസം 30-ന് ക്രിസ്മസ് അവധി കഴിഞ്ഞ് തുറക്കുമ്പോഴേക്കും സ്കൂളും പരിസരവും വൃത്തിയാക്കുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ. അതേസമയം, ക്രിസ്മസ് അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഇന്ന് അടച്ചു. മുൻ വർഷങ്ങളിലേത് പോലെ വിദ്യാർത്ഥികൾക്ക് ഇത്തവണ 10 ദിവസത്തെ അവധി ലഭിക്കില്ല. 9 ദിവസത്തെ അവധി കഴിഞ്ഞ് സ്കൂളുകൾ 30-ന് തുറക്കും.