MG Sreekumar: മാലിന്യമുക്ത നവകേരളം; അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് എംജി ശ്രീകുമാർ
MG Sreekumar: മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത് തെറ്റാണെന്നും ഒരു മാതൃക എന്ന നിലയിൽ പദ്ധതിയുടെ അംബാസഡറാകാൻ തയ്യാറാണെന്ന് എംജി ശ്രീകുമാർ അറിയിച്ചതായി മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ ഭരണ വകുപ്പിന്റെ പദ്ധതിയായ മാലിന്യ മുക്ത നവകേരളത്തിന്റെ അംബാസഡറാകാൻ ഗായകൻ എംജി ശ്രീകുമാർ. പദ്ധതിയുടെ അംബാസഡറാകാൻ ഗായകൻ സന്നദ്ധത അറിയിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു.
എംജി ശ്രീകുമാർ തന്നെ വിളിച്ചിരുന്നു. മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത് തെറ്റാണെന്നും ഒരു മാതൃക എന്ന നിലയിൽ പദ്ധതിയുടെ അംബാസഡറാകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാൻ ഗായകനെ ക്ഷണിച്ചതായും മന്ത്രി അറിയിച്ചു.
കുറച്ച് ദിവസം മുമ്പാണ് എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ വലിയ ചർച്ചയായത്. എന്നാലത് മാലിന്യം അല്ലെന്നും മാങ്ങാണ്ടിയാണ് വലിച്ചെറിഞ്ഞതുമെന്നാണ് ഗായകൻ വിശദീകരിച്ചത്.
ALSO READ: ചോദ്യം ചെയ്യലിന് ഹാജരാകണം; ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്
‘ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവുണ്ട്. അതിൽ നിന്ന് മാങ്ങ പഴുത്ത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു. ജോലിക്കാരി ആ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് എറിഞ്ഞതാണ്, ഞാൻ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ലെ’ന്നായിരുന്നു ഗായകൻ പറഞ്ഞത്. സംഭവത്തിൽ എംജി ശ്രീകുമാർ 25000 രൂപ പിഴ അടച്ചിരുന്നു. കായലിലൂടെ യാത്ര ചെയ്ത വിനോദ സഞ്ചാരിയാണ് ഈ വിഡിയോ ചിത്രീകരിച്ചത്. മന്ത്രി എംബി രാജേഷിനെയും ടാഗ് ചെയ്താണ് വിഡിയോ പങ്ക് വച്ചത്.
ഈ മാസം 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് വച്ചാണ് വൃത്തി2025 ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 12 ന് നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് ഉദ്ഘാടനം ചെയ്യുന്നത്.