Shoranur-Kannur Train Service: മലബാറിലെ യാത്രക്കാരുടെ ദുരിതം തുടരുന്നു; ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ തീവണ്ടി തിരക്കുള്ള ദിവസങ്ങളിൽ ഓടുന്നില്ല
Shoranur-Kannur Train Service: ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഈ തീവണ്ടി ഓടാത്തത്. എന്നാൽ ശനിയും തിങ്കളുമാണ് യാത്രക്കാരുടെ തിരക്ക് കൂടുതലുള്ളത്. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ആരംഭിച്ചത് ഏറെ ഗുണപ്രദമാകുമെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്.
തിരുവനന്തപുരം: മലബാറിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനായി പുതിയതായി വന്ന ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ തീവണ്ടി (Shoranur-Kannur Train Service), തിരക്കുകൂടുതലുള്ള ദിവസങ്ങളിൽ സർവീസ് നടത്താതത് കൂടുതൽ ദുരിതമാകുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഈ വണ്ടി ഓടാത്തത്. എന്നാൽ ശനിയും തിങ്കളുമാണ് യാത്രക്കാരുടെ തിരക്ക് കൂടുതലുള്ളത്. ഈ ദിവസങ്ങളിൽ തീവണ്ടിയില്ലാതെ വരുന്നതോടെ വീണ്ടും നേത്രാവതിയുൾപ്പെടെയുള്ള തീവണ്ടികളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ് യാത്രക്കാർ. അതിനാൽ തിരക്ക് പതിവുപോലെ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ.
ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് (06031) വൈകിട്ട് 3.40-നാണ് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നത്. 11 സ്റ്റേഷനുകളിലാണ് സ്റ്റോപുള്ളത്. വൈകിട്ട് 5.30-ന് കോഴിക്കോട്ടും 7.40-ന് കണ്ണൂരുമെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കണ്ണൂർ-ഷൊർണൂർ (06032) തീവണ്ടി രാവിലെ 8.10-ന് കണ്ണൂരിൽ നിന്ന് തുടങ്ങി ഉച്ചയ്ക്ക് 12.30-ന് ഷൊർണൂരിലെത്തുന്ന രീതിയിലാണ് തിരിച്ചുള്ള സർവീസ് ക്രമീകരണം.
ഷൊർണൂരിൽ വെച്ചാണ് നിലവിൽ തീവണ്ടിയുടെ പരിപാലനം നടക്കുന്നത്. ഇത് രാത്രി നിർത്തുന്നത് കണ്ണൂരിൽ സജ്ജമാക്കാനായാൽ ആറുദിവസവും സർവീസ് നടത്താനാകുമെന്നാണ് റെയിൽവേയുമായി ബന്ധപ്പെട്ടവർ പറയുന്നത്. നേരത്തേ നേത്രാവതി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചുകളിൽ ജനറൽ ടിക്കറ്റെടുത്ത യാത്രക്കാർ കയറുന്നത് വലിയ പരാതികൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ പരിഹാരത്തിനായി കൊണ്ടുവന്ന തീവണ്ടി തിരക്കുള്ള ദിവസങ്ങളിലില്ലാത്തതുമൂലം ഈ ദിവസങ്ങളിൽ പരാതികളെത്തുന്ന സ്ഥിതിയാണ് നിലവിൽ.
ALSO READ: യാത്രാതിരക്ക് കുറയുമോ…?; ഷൊർണൂർ – കണ്ണൂർ പാസഞ്ചർ സർവീസ് ഇന്നു മുതൽ
ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ആരംഭിച്ചത് ഏറെ ഗുണപ്രദമാകുമെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും കുറവുവരുമെന്നാണ് കണക്കാക്കിയത്. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ സർവീസ് ഇല്ലാത്തത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു മുമ്പ്. അതിനാൽ തന്നെ അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പിന്നാലെയെത്തുന്ന നേത്രാവതിയിലാകട്ടെ ആകെ രണ്ട് ജനറൽ കോച്ചുകൾ മാത്രമാണുള്ളത്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസാണ് എത്തേണ്ടത്. എന്നാൽ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും.
നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ഇതോടെ കാസർകോട് പോകാനുള്ള സാധാരണ യാത്രക്കാർ വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരുന്നത്. യാത്രാ ദുരിതത്തിന് മെമു സർവീസ് വേണമെന്ന് നേരത്തെ മുതലെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പരിഹാരമുണ്ടായത് ഇപ്പോഴാണ്.