Kerala Police Retirement: ഞെട്ടിക്കും കണക്ക്; പോലീസിൽ ഇനിയുള്ളത് 10-ൽ താഴെ വനിത ഇൻസ്പെക്ടർമാർ
വനിതാ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നതിൽ സംസ്ഥാന വനിതാ സെല്ലിലെ പ്രവർത്തനങ്ങളെയും അത് ബാധിക്കാം
പണിയെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ് കേരള പോലീസിൽ ഇപ്പോൾ. 2024-ലെ വിരമിക്കൽ കൂടി കഴിയുന്നതോടെ ആൾ ക്ഷാമം ഇനിയും വർധിക്കും. മെയ് 31-ന് സേനയിൽ നിന്നും വിരമിക്കുന്നത് 21 വനിതാ ഇൻസ്പെക്ടർമാരാണ്.
ഇതോടെ ഇനി സർവ്വീസിലുള്ള ഇൻസ്പെക്ടർമാരുടെ എണ്ണം ആറായി ചുരുങ്ങി. ഐപിഎസ് റാങ്കിൽ വനിതകൾ വേറെയും ഉണ്ടെങ്കിലും സബ്-ഇൻസ്പെക്ചടർമാർ, ഇൻസ്പെക്ടമാർ, ഡിവൈഎസ്പിമാർ തുടങ്ങി തസ്തികകളിൽ ഇപ്പോഴും എണ്ണം വളരെ കുറവാണ്.
ഇതിൽ ഇനി ഒറ്റ വനിതാ ഡിവൈഎസ്പിമാർ പോലും ഇല്ലെന്നാണ് സത്യം. വനിതാ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നതിൽ സംസ്ഥാന വനിതാ സെല്ലിലെ പ്രവർത്തനങ്ങളെയും അത് ബാധിക്കാം എന്ന് സോഴ്സുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം വയനാട് വനിത സെല്ലിലെ ഉദ്യോഗസ്ഥ ഡിവൈഎസ്പിയായി സംസ്ഥാന വനിതാ സെല്ലിൽ ചുമതലയേൽക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല.
വിരമിക്കുന്നവരിൽ ഏറിയ പങ്കും 1995 ബാച്ചിലെ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ള ആറ് ഉദ്യോഗസ്ഥരിൽ നാല് പേർ ഡിസംബറിൽ ജോലിയിൽ നിന്നും വിരമിക്കും അങ്ങിനെ നോക്കുമ്പോൾ കഷ്ടിച്ച് രണ്ട് പേർക്കാണ് ഡിവൈഎസ്പിയെങ്കിലും ആയി റിട്ടയർ ചെയ്യാനാകു.
കണക്ക് നോക്കിയാൽ (വനിത ഉദ്യോഗസ്ഥർ)
ഐജിമാർ: 1 (പോലീസ് ആസ്ഥാനം)
ഡിഐജി: 2 (തിരുവനന്തപുരം, തൃശൂർ റേഞ്ച് – ഇരുവരും ഐപിഎസ് ഉദ്യോഗസ്ഥർ)
എസ്പിമാർ (ഐപിഎസ് ഉദ്യോഗസ്ഥർ): 7 (തിരുവനന്തപുരം റൂറൽ, ആലപ്പുഴ, കണ്ണൂർ ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പെടെ)
ഡിവൈഎസ്പിമാർ: 0
ഇൻസ്പെക്ടർമാർ: 27 (മെയ് 31 ന് ശേഷം ഇത് ആറായി കുറയും)
പ്രവർത്തനത്തെ ബാധിക്കില്ല
ഉദ്യോഗസ്ഥരുടെ വിരമിക്കൽ സേനയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് വനിതാ-ശിശു സെല്ലിന് നേതൃത്വം നൽകുന്ന എസ്പി സുനീഷ് കുമാർ ഐപിഎസ് പറയുന്നു. “ഞങ്ങൾക്ക് ധാരാളം വനിതാ സബ് ഇൻസ്‌പെക്ടർമാരുണ്ട്, അവരാണ് സ്റ്റേഷൻ ഡ്യൂട്ടിയുടെ ഉത്തരവാദിത്തം വഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
അവസരം കുറഞ്ഞോ
കുറച്ച് കാലങ്ങൾക്ക് മുൻപ് വരെയും സംസ്ഥാനത്തുണ്ടായിരുന്നത് ഒരേ ഒരു വനിതാ ഡിവൈഎസ്പിയായിരുന്നു. ഇവർക്ക് ശേഷം ഡിവൈഎസ്പി റാങ്കിലേക്ക് പ്രമോഷനിൽ നിന്നും ആരെയും പരിഗണിച്ചിട്ടില്ല. റെഗുലർ പ്രമോഷനിലൂടെ എസ്പി റാങ്ക് വരെയും എത്താൻ സാധിക്കുമെങ്കിലും പലപ്പോഴും വനിതാ എസ്ഐമാരെയും, സിഐമാരെയും ഇതിന് പരിഗണിക്കാറില്ലെന്ന് നേരത്തെ മുതൽ സേനയിൽ ആക്ഷേപമുണ്ടായിരുന്നു.