Pathanamthitta Crime: കായികതാരമായ പെൺകുട്ടിയെ പരിശീലകർ ഉൾപ്പെടെ പീഡിപ്പിച്ചു; ആദ്യം പീഡനത്തിന് ഇരയാക്കിയത് ആൺസുഹൃത്ത്; കേസിൽ 14 പേർ അറസ്റ്റിൽ
Assault Case in Pathanamthitta: ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർത്ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു.
പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഒൻപത് പേർ കൂടി പോലീസ് അറസ്റ്റ് ചെയ്തു . ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർത്ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വെളിപ്പെടത്തലുകൾ 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ നടത്തിയത്. 13 വയസ്സ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി പറയുന്നത്. സംഭവത്തിൽ 62 പേർക്കെതിരെ സിഡബ്ല്യുസിക്ക് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതില്‍ 40 പേരെ തിരിച്ചറിഞ്ഞു. പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനിലായി 5 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ച് പേർക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയൊന്നും പോലീസ് പറയുന്നുണ്ട്.
അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പോലീസിനു പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നത്. പ്രതികളിൽ പലരും നാട്ടിൽ പോലുമില്ലാത്തവരാണ്. ഇത് അന്വേഷണത്തിന് ഏറെ വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും പോലീസ് പറയുന്നു. ആൺസുഹൃത്താണ് സൗഹൃദം നടിച്ച് പെൺകുട്ടിയെ ആദ്യം പീഡനത്തിനിരായക്കിയത്. ഇയാളുടെ സുഹൃത്തുക്കളും സഹപാഠികളു അടക്കം കൂടുതൽ പേർ പിന്നീട് ചൂഷണത്തിനിരയാക്കി. കായിക താരമായ പെൺകുട്ടിയെ പരിശീലകർ ഉൾപ്പെടെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ദരിദ്രകുടുംബത്തിൽ ജനിച്ച കുട്ടിയുടെ കുടുംബസാഹര്യവും പ്രതികൾ ചൂഷണം ചെയ്യുകയായിരുന്നു.
13 വയസ്സുള്ളപ്പോഴാണ് ആൺസുഹ്യത്ത് പെൺകുട്ടിയെ ആദ്യമായി ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നത്. പിന്നാലെ ഇയാളുടെ സുഹൃത്തകൾക്ക് പരിചയപ്പെടുത്തി അവർ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഹയർസെക്കൻഡറി കാലഘട്ടത്തിൽ പഠിച്ചവർ പിന്നീട് ഉപരിപഠനത്തിനായി ചേർന്നപ്പോൾ അവിടെയുള്ള സഹപാഠികളും പെൺകുട്ടിയെ ചൂഷണം ചെയ്തതായും പോലീസ് പറയുന്നു.
ഉപയോഗിച്ചത് പിതാവിന്റെ ഫോണ്‍
അച്ഛന് മദ്യപിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് രാത്രി പെണ്‍കുട്ടി പിതാവിന്റെ ഫോണ്‍ ഉപയോഗിക്കുമായിരുന്നു.അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ ഏറെ നിർണായകമായത് അച്ഛൻ്റെ മൊബൈൽ ഫോണാണ്. പെൺകുട്ടി തന്നെ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയിൽ നിന്നും കൂടുതൽ പ്രതികളെ തിരിച്ചറിയാനായി. എന്നാല്‍ അഞ്ച് വർഷക്കാലത്തിനിടയിൽ വീട്ടിലുള്ളവർ പോലും പെൺകുട്ടി നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞില്ല.
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലാണ് പെൺകുട്ടി പീഡനവിവരം ആദ്യം പറയുന്നത്. തുടര്‍ന്നാണ് സിഡബ്ല്യുസിക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.