5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mission Arjun Rescue: അർജുനേ വിട! അമരാവതിയുടെ മുറ്റത്ത് അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

Arjun Cremation Ceremony: അര്‍ജുനെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ കണ്ണാടിക്കലിലെ അമരാവതി വീട്ടിലേക്ക് ഓടിയെത്തി. കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്.

Mission Arjun Rescue: അർജുനേ വിട! അമരാവതിയുടെ മുറ്റത്ത് അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി
Credits: Social Media
athira-ajithkumar
Athira CA | Updated On: 28 Sep 2024 12:47 PM

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച ട്രക്ക് ഡ്രെെവർ അർജുന് കണ്ണീരോടെ വിട നൽകി നാട്. കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ വീടായ അമരാവതിയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സഹോദരൻ അഭിജിത്താണ് ചിതയ്ക്ക് തീകൊളുത്തിയത്. വീടിന് പിന്നിലായാണ് ചിത ഒരുക്കിയിരിക്കുന്നത്. കുടുംബവും ബന്ധുകളും സുഹൃത്തുകളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് അർജുന് അന്ത്യോപചാരം അർപ്പിച്ചത്. രാവിലെ 11.50- ഓടെ ചടങ്ങുകൾ പൂർത്തിയായി.

അര്‍ജുന്റെ മകൻ അയാന്റെ അച്ഛാ എന്നുള്ള വിളിയും കരച്ചിലും കേരളത്തിന്റെ നോവായി മാറി. തീകൊളുത്തും മുമ്പ് അര്‍ജുന്റെ മകനെ കൊണ്ടുവന്ന് ചിതയ്ക്ക് വലംവെപ്പിച്ചു. അമ്മ കൃഷ്ണപ്രിയയുടെ ഒക്കത്തിരുന്നാണ് കുഞ്ഞ് അയാൻ അച്ഛനെ അവസാനമായി ഒരു നോക്ക് കണ്ടത്. ചിതയ്ക്ക് തീകൊളുത്തിയപ്പോൾ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാര്‍, സഹോദരീഭര്‍ത്താവ് ജിതിന്‍ തുടങ്ങിയവരെല്ലാം അരികില്‍ ഉണ്ടായിരുന്നു. കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സഹോദരന്‍ ചിതയ്ക്ക് തീ കൊളുത്തിപ്പോൾ അര്‍ജുനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അമരാവതിയുടെ അകത്തിരുന്ന് പ്രിയപ്പെട്ട മകനെ അച്ഛനും അമ്മയും യാത്രയാക്കി.

രാവിലെ ഒമ്പത് മണിയോടെയാണ് അർജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വിലാപയാത്രയായി അമരാവതിയുടെ മുറ്റത്തേക്ക് എത്തിയത്. പിന്നാലെ വീട്ടിൽ പൊതുദർശനം. മണിക്കൂറാണ് പൊതുദര്‍ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും പ്രിയപ്പെട്ടവനെ ഒരു നോക്കുകാണാനായി ആളുകൾ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയതോടെ സംസ്കാര ചടങ്ങുകൾ വെെകിയാണ് ആരംഭിച്ചത്.

മന്ത്രിമാരായ വിഎൻ വാസവൻ, കെബി ​ഗണേഷ് കുമാർ, എകെ ശശീന്ദ്രൻ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മാൽപ്പെ, ജില്ല കളക്ടർ സ്നേഹിൽ കുമാർ, എംപിമാരായ എംകെ രാഘവൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്നിവർ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ഹൃദയം നുറുങ്ങുന്ന വേദനയോടെ അർജുന് ജന്മനാട് യാത്രനൽകിയത്. മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പേരാണ് അമരാവതിയിലേക്ക് എത്തിയത്. കേരളാ- കർണ്ണാടക അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലുമെല്ലാം റോഡിന്റെ ഇരുസെെഡിലും നൂറുകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ കാത്തുനിന്നു.

കോഴിക്കോട് ജില്ലാ അതിർത്തിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും കെകെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഏഴരയ്‌ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മയും സുഹൃത്തുകളും ചേർന്ന് പ്രിയകൂട്ടുകാരന് ഹൃദയഭേദകമായ യാത്രയയപ്പ് നൽകി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണാടിക്കലിലെ അർജുന്റെ വസതിയിലേക്ക് വിലാപയാത്ര തുടങ്ങിയത്. കേരള, കർണാടക പൊലീസും 72 ദിവസവും ദൗത്യത്തിന് നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും ആംബുലൻസിനെ അനു​ഗമിച്ചിരുന്നു.