Shigella Symptoms: എന്താണ് ഷിഗെല്ല? രോഗം എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍ എന്തെല്ലാം?
Shigella Reported in Malappuram: ജപ്പാനില്‍ ചുവന്ന വയറിളക്കം ഉണ്ടായിരുന്നു. ഇതേകുറിച്ച് നടത്തിയ പഠനമാണ് ഷിഗെല്ല രോഗം കണ്ടെത്തുന്നതിന് വഴിവെച്ചത്. ബാസില്ലസ് ഡിസെന്‍ട്രിയ എന്നാണ് കിയോഷി ഈ രോഗത്തിന് പേരിട്ടത്. പിന്നീട് 1930ല്‍ അത് ഷിഗെല്ല എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല (Shigella) രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളിലെ 127 വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതില്‍ നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്താകെ ഷിഗല്ല ഭീതി പടരുന്നുണ്ട്. എന്താണ് ഷിഗെല്ല രോഗമെന്നും രോഗ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം.
എന്താണ് ഷിഗെല്ല?
ഇ കോളിയുമായി ജനിതകമായി ബന്ധമുള്ള ബാക്ടീരിയകളുടെ ഒരു ജനുസ് ആണ് ഷിഗെല്ല. ഇതൊരു ഗ്രാം നെഗറ്റീവ് ബാക്ടീരിയ കൂടിയാണ്. ഈ ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോഴുണ്ടാകുന്ന അണുബാധയെ പറയുന്ന പേരാണ് ഷിഗെല്ലോസിസ്. ഈ രോഗം വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഒന്നാണ്. ഇതൊരു പുതിയ ബാക്ടീരിയ അല്ല. 1877ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ കിയോഷി ഷിഗ ആണ് ഈ രോഗത്തെ ആദ്യമായി തിരിച്ചറിഞ്ഞത്.
അക്കാലത്ത് ജപ്പാനില്‍ ചുവന്ന വയറിളക്കം ഉണ്ടായിരുന്നു. ഇതേകുറിച്ച് നടത്തിയ പഠനമാണ് ഷിഗെല്ല രോഗം കണ്ടെത്തുന്നതിന് വഴിവെച്ചത്. ബാസില്ലസ് ഡിസെന്‍ട്രിയ എന്നാണ് കിയോഷി ഈ രോഗത്തിന് പേരിട്ടത്. പിന്നീട് 1930ല്‍ അത് ഷിഗെല്ല എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
Also Read: Telecom Tariff Hike: നിരക്ക് വര്‍ധന ബാധിക്കില്ല, ഇങ്ങനെ റീചാര്‍ജ് ചെയ്യൂ
ഷിഗെല്ല ബാക്ടീരിയകള്‍ നാലുതരം
- ഷിഗെല്ല സൊനേയി
- ഷിഗെല്ല ഫ്‌ളെക്‌സ്‌നെരി
- ഷിഗെല്ല ബോയ്ഡി
- ഷിഗെല്ല ഡിസെന്‍ട്രിയ
ഇതില്‍ ഷിഗെല്ല സൊനേയി കാരണമുണ്ടാകുന്ന എകിരി സിന്‍ഡ്രോം എന്ന രോഗം ബാധിച്ച് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് വര്‍ഷംതോറും 15,000 പേരാണ് മരണപ്പെട്ടിരുന്നത്.
ഷിഗെല്ല ലക്ഷണങ്ങള്‍
ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങാറുണ്ട്. എന്നാല്‍ അസുഖം മൂര്‍ച്ഛിക്കാന്‍ ഒരാഴ്ചയ്ക്ക് മുകളില്‍ സമയമെടുക്കും.
- വയറിളക്കം
- രക്തവും കഫവും കലര്‍ന്ന മലമാണ് ഷിഗെല്ല ബാധിച്ചാല്‍ ഉണ്ടാവുക.
- വയറുവേദന
- ഓക്കാനം ഛര്‍ദി
- വയറ് ഒഴിഞ്ഞുപോകാത്ത പോലെ തോന്നല്‍
- ഷിഗെല്ല ബാധിച്ചവരില്‍ ന്യൂറോളജിക്കല്‍ തകരാറുകളും സംഭവിക്കാം.
- അപസ്മാരം
പകരുന്നത് എങ്ങനെ?
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല രോഗം പ്രധാനമായും പകരുന്നത്. മലിനമാക്കപ്പെട്ട പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവയിലൂടെ രോഗം പകരാം. ശീതികരിച്ച് സൂക്ഷിക്കുന്ന ഇത്തരം ഭക്ഷണങ്ങളില്‍ ഷിഗെല്ല ബാക്ടീരിയ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇതുമാത്രമല്ല, മറ്റ് വയറിളക്ക രോഗങ്ങളെ പോലെ തന്നെ രോഗബാധിതന്റെ വിസര്‍ജ്യം ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മറ്റൊരാളുടെ ഉള്ളിലേക്ക് കടക്കുന്നതിലൂടെ രോഗം പകരാം. രോഗവാഹകനായ വ്യക്തി ഭക്ഷണം തയാറാക്കുമ്പോഴും രോഗം പകരും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ പകരാം.
ചികിത്സ
മലപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗം കണ്ടെത്തി കഴിഞ്ഞാല്‍ നിര്‍ജലീകരണം തടയുക എന്നതാണ് പ്രധാനമായും നല്‍കുന്ന ചികിത്സ. ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അവ വീണ്ടും ശരീരത്തിലെത്തിക്കണം. ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം കുടിക്കാം.
മരണം സംഭവിക്കുന്നത്
രോഗം തിരിച്ചറിയാന്‍ വൈകുമ്പോള്‍ ഷിഗെല്ല ഗുരുതരമാകും. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും രോഗം ഗുരുതരമായിട്ടുണ്ടാകും. നിര്‍ജലീകരണം സംഭവിക്കുന്നതുകൊണ്ട് തന്നെ വേണ്ടത്ര അളവില്‍ ജലാംശം ശരീരത്തില്‍ എത്താത്തത് മരണത്തിന് കാരണമാകുന്നു. ഇതോടെ രക്തസമ്മര്‍ദവും കുറയുന്നത് മരണത്തിലേക്ക് നയിക്കും.
പ്രതിരോധിക്കാം
- രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.
- മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
- നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം ഭക്ഷണം തയാറാക്കാനും കുടിക്കാനും ഉപയോഗിക്കുക
- പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവ നിശ്ചിത താപനിലയില്‍ മാത്രം സൂക്ഷിക്കുക.
- വീടും പരിസരവും വൃത്തിയാക്കുക.
- കുടിവെള്ള സ്രോതസുകള്‍ മലിനമാകാതെ സൂക്ഷിക്കുക.
- പൊതു ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക.