5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor: തുടരെ തുടരെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കങ്ങള്‍; തിരുത്താനും ഭാവമില്ല ! തരൂരിനെ തല്‍ക്കാലം ‘തരൂരിന്റെ പാട്ടിന് വിടാന്‍’ സംസ്ഥാന കോണ്‍ഗ്രസ്

Shashi Tharoor Congress Controversy: ശശി തരൂരിനെ അവഗണിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. തരൂരിന് തിരുത്താന്‍ ഭാവമില്ലെന്ന് വ്യക്തമായതോടെയാണ് തീരുമാനം. കൂടുതല്‍ പ്രതികരിച്ച് വഷളാക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ഹൈക്കമാന്‍ഡിന്റെ ഇടപെടലും നേതൃത്വം പ്രതീക്ഷിക്കുന്നു.

Shashi Tharoor: തുടരെ തുടരെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കങ്ങള്‍; തിരുത്താനും ഭാവമില്ല ! തരൂരിനെ തല്‍ക്കാലം ‘തരൂരിന്റെ പാട്ടിന് വിടാന്‍’ സംസ്ഥാന കോണ്‍ഗ്രസ്
ശശി തരൂര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 18 Feb 2025 16:05 PM

തുടരെ തുടരെ പാര്‍ട്ടിക്ക് തലവേദനയാകുന്ന ശശി തരൂര്‍ ശൈലിയില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. വിശ്വപൗരന്റെ നീക്കങ്ങളില്‍ കയ്ച്ചിട്ട് ഇറക്കാനോ, മധുരിച്ചിട്ട് തുപ്പാനോ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. രണ്ട് ടേം അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുന്ന കോണ്‍ഗ്രസ് ഏത് വിധേനയും ഭരണത്തിലേക്ക് തിരികെയെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് ശശി തരൂരിന്റെ നീക്കങ്ങള്‍ ചാട്ടുളി പോലെ പതിക്കുന്നത്. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ‘വേറിട്ട’ അഭിപ്രായങ്ങള്‍ നടത്തുന്നത് തരൂരിന് പുത്തരിയല്ല. കെ റെയില്‍, വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിലും പാര്‍ട്ടി ലൈനില്‍ നിന്ന് വിഭിന്നമായിരുന്നു തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍.

ഇടതുമുന്നണിയെ പ്രത്യേകിച്ച് സിപിഎമ്മിനെ പ്രതിപക്ഷം നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് മറുപക്ഷത്തിന് ആയുധം സമ്മാനിച്ച് അസ്ഥാനത്ത് തരൂര്‍ പ്രസ്താവനകള്‍ നടത്തുന്നത്. അതില്‍ ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസങ്ങളില്‍ തരൂര്‍ നടത്തിയ നീക്കങ്ങള്‍.

വ്യാവസായിക മേഖലയില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ദേശീയ മാധ്യമത്തിലെഴുതിയ ലേഖനമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പിടിച്ചുലച്ചത്. ഇത് പാര്‍ട്ടിക്കുള്ളില്‍ പരക്കെ അതൃപ്തിക്ക് കാരണമായി. ദേശീയ നേതൃത്വത്തിന് മുന്നിലും പരാതിയെത്തി.

സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കുമെതിരായ സമീപനത്തില്‍ സിപിഎം വരുത്തിയ മാറ്റത്തെക്കുറിച്ചാണ് ലേഖനമെന്ന് തരൂര്‍ പിന്നീട് വിശദീകരിച്ചിരുന്നു. ലേഖനം വിവാദമായപ്പോള്‍ അതിശയം തോന്നിയെന്നും, വികസനത്തിന് ആര് മുന്‍കയ്യെടുത്താലും കയ്യടിക്കണമെന്നും നിലപാടിലുറച്ച് തരൂര്‍ വ്യക്തമാക്കി.

തരൂരിന്റെ ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം രംഗത്തെത്തി. തരൂരിന് താന്‍ നല്ല ഉപദേശം കൊടുത്തിട്ടുണ്ടെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രതികരണം. ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും, അത് അടഞ്ഞ അധ്യായമായി കാണാനാണ് താല്‍പര്യമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. എന്തായാലും വിവാദം ഇടതുമുന്നണിക്ക് അപ്രതീക്ഷിതമായി ലഭിച്ച പിടിവള്ളിയായി മാറി.

ലേഖനവിവാദത്തിന് തിരശീല വീഴും മുമ്പേ തരൂര്‍ അടുത്ത കുരുക്കില്‍ ചാടി. ഇത്തവണ ഫേസ്ബുക്ക് പോസ്റ്റായിരുന്നു വില്ലനായത്. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ മാറ്റം വരുത്തിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ‘സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ’ എന്ന പ്രയോഗമാണ് തരൂര്‍ തിരുത്തിയത്.

ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം പരിഹാരമല്ലെന്ന് മാത്രമായിരുന്നു തരൂരിന്റെ തിരുത്ത്. നരഭോജി പ്രയോഗം മാത്രമല്ല, സിപിഎമ്മിന്റെ പേര് പോലും പോസ്റ്റില്‍ നിന്ന് തരൂര്‍ മുക്കിയത് പ്രവര്‍ത്തകരില്‍ കടുത്ത നീരസമുണ്ടാക്കി. തരൂരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ കെപിസിസിയുടെ ഇടപെടലില്‍ തീരുമാനം പിന്‍വലിച്ചു.

Read Also : തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധം: രാഹുല്‍ ഗാന്ധി

അവഗണിക്കാന്‍ തീരുമാനം

പാര്‍ട്ടിക്ക് തലവേദനയാക്കുന്ന നീക്കങ്ങള്‍ തുടര്‍ക്കഥയാക്കുന്ന ശശി തരൂരിനെ തല്‍ക്കാലം അവഗണിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പല തവണ പറഞ്ഞിട്ടും തരൂരിന് തിരുത്താന്‍ ഭാവമില്ലെന്ന് വ്യക്തമായതോടെയാണ് ഈയൊരു നീക്കത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് ഇനി വഷളാക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ഒപ്പം ഹൈക്കമാന്‍ഡിന്റെ ഇടപെടലും സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നു.