Shashi Tharoor: പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനം സിപിഎമ്മിൻ്റെ കണക്കുകളല്ല; കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ശശി തരൂർ
Shashi Tharoor About The Article: താൻ ലേഖനമെഴുതിയത് പൂർണമായും കണക്കുകളുടെ അടിസ്ഥാനത്തിലെന്ന് ശശി തരൂർ. സിപിഎമ്മിൻ്റേതല്ല, കേന്ദ്രത്തിൻ്റെയും രാജ്യാന്തര ഏജൻസികളുടെയും കണക്കുകളാണ് അടിസ്ഥാനമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായെന്ന ലേഖനം കണക്കുകളുടെ അടിസ്ഥാനത്തിലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കേന്ദ്രത്തിൻ്റെയും രാജ്യാന്തര ഏജൻസികളുടെയും ഡേറ്റകളാണ് ലേഖനത്തിന് അടിസ്ഥാനമാക്കിയത്. അതൊന്നും സിപിഎമ്മിൻ്റെ കണക്കുകളല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാടറിയിച്ചത്.
പറഞ്ഞ കാര്യങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്ന് ലേഖനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് തരൂർ പറഞ്ഞു. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങും സിപിഎമ്മിൻ്റേതല്ലല്ലോ. മറ്റ് സ്ത്രോതസിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാം. താൻ സംസാരിക്കുന്നത് കേരളത്തിന് വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞത്.
ഒരു ദേശീയമാധ്യമത്തിലെഴുതിയ ലേഖനത്തിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളർ ലേഖനത്തിനെതിരെ രംഗത്തുവന്നു. കോൺഗ്രസ് നേതൃത്വവും തരൂരിൻ്റെ ലേഖനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ചർച്ചയ്ക്കായി സോണിയ ഗാന്ധിയുടെ വസതിയിലേക്ക് ശശി തരൂരിനെ രാഹുൽ ഗാന്ധി വിളിച്ചിരുന്നു. നിലവിൽ സംസ്ഥാന നേതൃത്വത്തോട് പ്രശ്നം അവസാനിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് സൂചന.




ഇതിനിടെ സിപിഎം നേതാക്കളുടെ തലതിരിഞ്ഞ രാഷ്ട്രീയനിലപാടുകളും ഈഗോയും കേരളത്തിൻ്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു എന്ന് വിഡി സതീശൻ വിമർശിച്ചിരുന്നു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണമെന്നതാണ് തങ്ങളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾക്കും സംരംഭങ്ങൾ പെരുപ്പിച്ചുകാട്ടുന്നതുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അവയുടെ പട്ടിക പുറത്തുവിടണം. ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായപ്പോൾ പ്രതിപക്ഷം വികസനവിരോധികളാണെന്ന വാദമുയർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം വ്യവസായസൗഹൃദ സംസ്ഥാനമായെന്ന് പറയാൻ ചിലർക്ക് മടിയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. ഇടതുപക്ഷത്തോട് വിരോധമാവാം. പക്ഷേ, അത് നാടിനോടും നാട്ടിലെ ജനങ്ങളോടുമാവരുത്. ഭരണപക്ഷത്തിൻ്റെ പ്രതിപക്ഷം നാടിൻ്റെ പ്രതിപക്ഷമാവരുത് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വികസനത്തിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുന്നു എന്നായിരുന്നു ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ ശശി തരൂർ എഴുതിയ ലേഖനം. ഇതിന് പിന്നാലെയാണ് പിന്നാലെ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായത്. എന്നാൽ, നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായി ശശി തരൂർ പറഞ്ഞിരുന്നു.