Sharon Murder Case: ‘അമ്മയും കൂടെ ചേർന്നല്ലേ എല്ലാം ചെയ്തത്’; ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം
Greeshmas Mother Should Be Punished Say Sharons Parents: തങ്ങളുടെ മകനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയ്ക്കൊപ്പം അമ്മയും ശിക്ഷിക്കപ്പെടണമെന്ന് ഷാരോൺ രാജിൻ്റെ മാതാപിതാക്കൾ. അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയും കുറ്റക്കാരിയാണ്. അവരെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. നാളത്തെ വിധി കേട്ടതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഷാരോണിൻ്റെ അച്ഛനും അമ്മയും ചേർന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“കുറ്റക്കാരിയെന്നുള്ളത് കോടതി തീരുമാനിച്ചു. പക്ഷേ, ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണ്. ആലോചിച്ച് തീരുമാനമെടുക്കും. അമ്മയും കൂടെ ചേർന്നല്ലേ എല്ലാം ചെയ്തത്. പിന്നെ എന്തിനാണ് അമ്മയെ വെറുതെവിട്ടത്. ഗ്രീഷ്മയെ ശിക്ഷിക്കുമെന്നത് ബോധ്യമായിട്ടുണ്ട്. പക്ഷേ, ഗ്രീഷ്മയുടെ അമ്മയെയും വെറുതെവിടരുതായിരുന്നു. മൂന്ന് പേർക്കും ശിക്ഷ കൊടുക്കണമായിരുന്നു. നാളെ വിധി കേട്ടതിന് ശേഷം തീരുമാനമെടുക്കും, ഹൈക്കോടതിയിൽ പോകാൻ പറ്റുമോ ഇല്ലയോ എന്ന്. കോടതി ശക്തമായി നിന്നു. ഗ്രീഷ്മയെ ശിക്ഷിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ, അമ്മ സിന്ധുകുമാരിയെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയിൽ പോകും. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണം. തങ്ങളെ ഏറ്റവുമധികം പിന്തുണച്ചത് മാധ്യമങ്ങളാണ്. പോലീസും സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരുമൊക്കെ പിന്തുണച്ചു.”- ഇരുവരും പ്രതികരിച്ചു.
ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എംഎം ബഷീറാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാർ നായരും കുറ്റക്കാരാണ്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു മോഹൻ കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു. കേസിൽ നാളെയാണ് ശിക്ഷാവിധി.
Also Read: Sharon Murder Case: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി; ശിക്ഷാവിധി നാളെ
കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഗ്രീഷ്മയെ ഒന്നാം പ്രതിയാക്കിയ കേസിൽ അമ്മാവനും അമ്മയും കൂട്ടുപ്രതികളായിരുന്നു.
കേസിങ്ങനെ
കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഇതിനായി 2022 ഒക്ടോബർ 14ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചത്. രാവിലെ പത്തരയോടെ എത്തിയ ഷാരോൺ അര മണിക്കൂറോളം ഷാരോണിൻ്റെ വീട്ടിൽ ചിലവഴിച്ചു. അവിടെ വച്ച് ഗ്രീഷ്മ കീടനാശിനി കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. പിന്നാലെ ഛർദ്ദിൽ ആരംഭിച്ച ഷാരോൺ അടുത്ത 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. എന്നാൽ, ആന്തരികാവയവങ്ങൾ തകർന്ന് ഷാരോൺ മരണപ്പെട്ടു.
കൊലപാതകത്തിനായി രണ്ടു മാസത്തോളം സമയമെടുത്താണ് ഗ്രീഷ്മ പദ്ധതി തയ്യാറാക്കിയത്. ഈ സമയത്ത്, അമ്മാവൻ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന കളനാശിനി കുടിച്ചാൽ മരിയ്ക്കുമെന്ന് ഗൂഗിൾ നോക്കി ഗ്രീഷ്മ മനസിലാക്കി. തുടർന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരോണിനെ തന്ത്രപരമായി ഗ്രീഷ്മ കൊലപ്പെടുത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രീഷ്മയും ശേഷം അമ്മയും അമ്മാവനും പിടിയിലാവുകയായിരുന്നു.