Greeshma Case: ജയിലിലും ഒന്നാം റാങ്ക്; ഗ്രീഷ്മ 2025ലെ ആദ്യ വനിതാ ജയില്‍ പുള്ളി, നമ്പര്‍ ഒന്ന്
Greeshma is the First Women Jail Inmate in 2025: കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. വിചാരണക്കാലത്തും ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയ്‌ക്കെതിരെ സഹതടവുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2024 സെപ്റ്റംബറില്‍ മാവേലിക്കര വനിതാ സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജയിലില്‍ ലഭിച്ചതും ഒന്നാം നമ്പര്‍. 2025ലെ ആദ്യത്തെ വനിതാ തടവുകാരിയായാണ് ഗ്രീഷ്മ ജയിലിലേക്കെത്തിയത്. അതിനാല്‍ തന്നെ 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയ്ക്ക് ലഭിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 14ാം ബ്ലോക്കിലെ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ് ഗ്രീഷ്മയെ നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. വിചാരണക്കാലത്തും ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയ്‌ക്കെതിരെ സഹതടവുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2024 സെപ്റ്റംബറില്‍ മാവേലിക്കര വനിതാ സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
2022 ഒക്ടോബര്‍ 14നായിരുന്നു കേരളത്തെയാകെ നടുക്കിയ സംഭവമുണ്ടാകുന്നത്. തന്റെ തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് കാമുകനായിരുന്ന ഷാരോണ്‍ രാജിന് കഷായത്തിന് വിഷം കലര്‍ത്തി നല്‍കുകയായിരുന്നു ഗ്രീഷ്മ. ഇതേതുടര്‍ന്ന് അവശനിലയിലായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 25ന് മരണപ്പെട്ടു.
സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് കേസില്‍ വിധി വന്നത്. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ളതായിരുന്നു നെയ്യാറ്റിന്‍കര വിചാരണ കോടതിയുടെ സുപ്രധാന വിധി. വിഷം നല്‍കി ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ഗവേഷണം നടത്തിയിരുന്നുവെന്നും കൊലപാതകത്തിന് ഗ്രീഷ്മയ്ക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
കൊലപാതകം നടത്തുന്നതിനുള്ള ആദ്യ ശ്രമമായിരുന്നു ജ്യൂസില്‍ പാരസെറ്റമോള്‍ ചേര്‍ത്തി നല്‍കിയത്. അളവില്‍ കൂടുതല്‍ പാരസെറ്റമോള്‍ ശരീരത്തിലെത്തിയാല്‍ മരണം സംഭവിക്കുമോ എന്നുറപ്പിക്കാന്‍ 23 തവണ ഗ്രീഷ്മ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ഈ ശ്രമം പരാജയപ്പെട്ടപ്പോള്‍ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു അവര്‍ എന്നും വിധി പകര്‍പ്പില്‍ പറയുന്നു.
മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ഷാരോണിനെ ഒഴിവാക്കുന്നതിനായി പല ശ്രമങ്ങളും ഗ്രീഷ്മ നടത്തി. എന്നാല്‍ ഇതിലൊന്നും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെ മറ്റൊരു വഴിയില്ലാതെ വന്ന ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അതിനായി പല മാര്‍ഗങ്ങളെ കുറിച്ചും ഗവേഷണം നടത്തി. വിഷം നല്‍കി എങ്ങനെയാണ് കൊലപ്പെടുത്തുന്നത് എന്നതിനെ കുറിച്ച് പഠിച്ചൂവെന്നും കോടതി പറഞ്ഞു.
പാരസെറ്റമോള്‍ അമിതമായി ശരീരത്തിലെത്തിയാല്‍ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് പഠിച്ചു. ശേഷം കോളേജിലെ ശുചിമുറിയില്‍ വെച്ച് പാരസെറ്റമോളും ഡോളോയും വെള്ളത്തില്‍ കലക്കി കുപ്പിയിലാക്കി ബാഗില്‍ വെച്ചു. തുടര്‍ന്ന് ഷാരോണിനോടൊപ്പം പുറത്തുപോയ ഗ്രീഷ്മ ആ സമയം രണ്ട് കുപ്പി ജ്യൂസും വാങ്ങിച്ചിരുന്നു. പിന്നീട് കോളേജിലേക്ക് തിരിച്ചെത്തിയ ശേഷം ശുചിമുറിയില്‍ വെച്ച് തന്നെ പാരസെറ്റമോള്‍ കലക്കിയ വെള്ളം ജ്യൂസുമായി മിക്‌സ് ചെയ്തു. ഈ വെള്ളം ഷാരോണിനെ കൊടുത്തെങ്കിലും കയ്പ്പ് കാരണം അത് കുടിച്ചില്ല.
പിന്നീട് വീട്ടില്‍ ആരുമില്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കഷയാത്തില്‍ കളനാശിനി കലര്‍ത്തി വെച്ച ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടില്‍ വെച്ച് ഷാരോണിനോട് ബന്ധം ഒഴിയാന്‍ ഗ്രീഷ്മ ആവശ്യപ്പെട്ടെങ്കിലും ഷാരോണ്‍ അതിന് സമ്മതിച്ചില്ല. ശേഷം സ്‌നേഹം ഭാവിച്ച് കഷായം കുടിക്കാന്‍ ഷാരോണിനെ വെല്ലുവിളിക്കുകയായിരുന്നു. കഷായത്തിന്റെ ചുവ മാറുന്നതിന് ജ്യൂസും ഗ്രീഷ്മ നല്‍കിയെന്നും വിധി പകര്‍പ്പില്‍ പറയുന്നു.