Greeshma Case: ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഗ്രീഷ്മ
Sharon Raj Murder Case: മൂന്ന് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവെച്ചു. അതേസമയം, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് നിലവില്‍ ഗ്രീഷ്മയുള്ളത്.

കൊച്ചി: പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് ഗ്രീഷ്മയുടെ അപ്പീല്‍. തുടര്‍ന്ന് എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്ന് ഹരജിയില്‍ പറയുന്നു.
മൂന്ന് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവെച്ചു. അതേസമയം, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് നിലവില്‍ ഗ്രീഷ്മയുള്ളത്.
2025 ജനുവരി 20നാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. യാതൊരുവിധത്തിലുള്ള പ്രകോപനവും ഉണ്ടാകാതെ അതിസമര്‍ത്ഥമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോണിന്റേതെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്ത ഗ്രീഷ്മ തെളിവുകള്‍ സ്വയം ചുമന്ന് നടക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.




മരണവുമായി മല്ലിടുമ്പോഴും ഷാരോണ്‍ ഗ്രീഷ്മയെ വിശ്വസിച്ചു. എന്നാല്‍ ഷാരോണിനോട് ഗ്രീഷ്മ കാണിച്ചത് വിശ്വാസ വഞ്ചനയാണ്. പതിനൊന്ന് ദിവസം തുള്ളി വെള്ളം പോലും ഇറക്കാന്‍ സാധിക്കാതെ ആന്തരികാവയവങ്ങള്‍ മുഴുവന്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. ഷാരോണ്‍ സഹിച്ച വേദനയ്ക്ക് അപ്പുറമല്ല പ്രതിയുടെ പ്രായം. ഗ്രീഷ്മ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഷാരോണ്‍ ഗ്രീഷ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ഈ വാദം തെളിയിക്കാന്‍ ഗ്രീഷ്മയ്ക്ക് സാധിച്ചില്ല. സ്‌നേഹം നിറച്ച വാക്കുകള്‍ക്കുള്ളില്‍ വിഷം ഒളിപ്പിച്ച് വെച്ചാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ഗ്രീഷ്മ നടത്തിയ ആത്മഹത്യാ ശ്രമം പോലും തെളിവുകള്‍ പോലീസിനെ അന്വേഷണത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ വേണ്ടിയായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.
Also Read: Sharon Murder Case Verdict: ഗ്രീഷ്മക്ക് വധശിക്ഷ, ഷാരോൺ വധക്കേസിൽ വിധി
ആകെ 48 തെളിവുകളായിരുന്നു പ്രതിക്കെതിരെ ഉണ്ടായിരുന്നത്. ഇതില്‍ വാട്‌സ് ആപ്പ് ചാറ്റുകളും ഉള്‍പ്പെട്ടിരുന്നു. കുറ്റകൃത്യം നടത്തിയതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് അമ്മാവന് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്. കേസില്‍ മൂന്നാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മയെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.