Shahba Sharif Murder Case: ഷാബാ ഷെരീഫ് വധക്കേസ്; ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ
Shahba Sharif Murder Case: മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ മൂന്ന് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താതെ വിചാരണ പൂർത്തിയാക്കിയ അപൂർവ്വം കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കൊലപാതകം.

മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി നിലമ്പൂർ മുക്കട്ട സ്വദേശിയും വ്യവസായിയുമായ ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. തുഷാറാണ് മൂന്ന് പ്രതികൾക്കും ശിക്ഷ വിധിച്ചത്.
മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ മൂന്ന് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താതെ വിചാരണ പൂർത്തിയാക്കിയ അപൂർവ്വം കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കൊലപാതകം. ഒന്നാം പ്രതിയുടെ കാറിൽ നിന്ന് ലഭിച്ച തലമുടിയുടെ ഡിഎൻഎ പരിശോധിച്ചാണ് കുറ്റം തെളിയിച്ചത്. കേസിൽ ആകെ15 പ്രതികളാണ് ഉൾപ്പെട്ടിരുന്നത്. ഇവരിൽ 12 പേരെ കോടതി വെറുതെ വിട്ടു.
2019 ഓഗസ്റ്റിലാണ് കൊലയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കുന്നതിന് ഷൈബിൻ അഷ്റഫും സംഘവും മൈസൂരിലെ പാരമ്പര്യ വൈദനായിരുന്ന ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടു വന്നു. മുക്കട്ടയിലെ വീട്ടിൽ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ചു. ക്രൂരമായി പീഡിപ്പിച്ചിട്ടും ഒറ്റമൂലി രഹസ്യം പറയാൻ വൈദ്യൻ തയ്യാറാകാത്തതിനെ തുടർന്ന് 2020 ഒക്ടോബറിൽ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഇതുവരെയും വൈദ്യന്റെ മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് അന്വേഷണത്ത സംഘം വിലയിരുത്തുന്നത്.