‘എന്തിന് എന്റെ പേര് വലിച്ചിടുന്നു, ഞാന്‍ നിരപരാധി’; ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഷാഫി പറമ്പില്‍
ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഷാഫിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. യുഡിഎഫും അവരുടെ സ്ഥാനാര്‍ഥിയും വ്യക്തിഹത്യ നടത്തുന്നുവെന്നും ശൈലജ ആരോപിച്ചു
കണ്ണൂര്‍: വടകര മണ്ഡലം സിപിഎം സ്ഥാനാര്‍ഥി കെ കെ ശൈലജയ്‌ക്കെതിരയാ സൈബര്‍ ആക്രമണത്തില്‍ എന്തിന് തന്റെ പേര് വലിച്ചിടുന്നുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ട. മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. അനാവശ്യമായി തന്റെ പേര് വലിച്ചിടുന്നത് നിയമപരമായി ചോദ്യം ചെയ്യുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഷാഫിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. യുഡിഎഫും അവരുടെ സ്ഥാനാര്‍ഥിയും വ്യക്തിഹത്യ നടത്തുന്നുവെന്നും ശൈലജ ആരോപിച്ചു.
അതേസമയം, ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തി ശുദ്ധ തെമ്മാടിത്തമല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം തെമ്മാടിത്തരങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
എങ്ങനെയാണ് ഇത്ര ഹീനമായ രീതിയില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്താന്‍ സാധിക്കുന്നത്. നമ്മുടെ പൊതുവായ സാംസ്‌കാരിക രീതിയെ അല്ലേ അത് വെല്ലുവിളിക്കുന്നത്. ഇത്തരം പ്രവൃത്തി ചെയ്യുന്ന ആളുകളെ തള്ളിപ്പറയാനും ആ ചെയ്തികളെ തള്ളിപ്പറയാനും ആ രീതികളെ തള്ളിപ്പറയാനും എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മടി. അതല്ലേ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണ വിഷയത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത് അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണെന്ന് ബല്‍റാം പ്രതികരിച്ചു.
കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തിരുന്നു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വടകരയില്‍ എല്‍ജിഎഫ് നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയെന്നും ബല്‍റാം പറഞ്ഞു.