Shaba Sharif Murder Case: ഷാബ ഷെരീഫ് കൊലപാതകം; മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി ശനിയാഴ്ച
Shaba Sharif Murder Case: 2019 ഓഗസ്റ്റിലാണ് കൊലയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ആരംഭം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ വേണ്ടി ഷൈബിൻ അഷ്റഫും സംഘവും മൈസൂരിലെ പാരമ്പര്യ വൈദനായിരുന്ന ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തുകയായിരുന്നു.

മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കുന്നതിനായി മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരെയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞതായി കണ്ടെത്തിയ കോടതി മറ്റ് പ്രതികളെ വെറുതെ വിട്ടു.
ഈ മാസം 22 നാണ് ശിക്ഷാ വിധി. മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാതെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്നും കോടതി പറഞ്ഞു. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. 2024 ഫെബ്രുവരിയിൽ വിചാരണ ആരംഭിച്ച കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളും സാക്ഷി മൊഴികളുമാണ് നിർണായകമായത്. എൺപത് സാക്ഷികളെയാണ് വിചാരണയുടെ ഭാഗമായി വിസ്തരിച്ചത്.
2019 ഓഗസ്റ്റിലാണ് കൊലയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ആരംഭം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവും മൈസൂരിലെ പാരമ്പര്യ വൈദനായിരുന്ന ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടു വന്നു. ഒരു വർഷത്തോളം മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചിട്ടും വൈദ്യൻ ഒറ്റമൂലി രഹസ്യം പറയാൻ തയ്യാറായില്ല. തുടർന്ന് 2020 ഒക്ടോബറിൽ വൈദ്യനെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഇതുവരെയും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗങ്ങളോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് അന്വേഷണത്ത സംഘം വിലയിരുത്തുന്നത്.
ALSO READ: സഹോദരിമാര്‍ പീഡനത്തിനിരയായി; അമ്മയുടെ അറിവോടെയെന്ന് സൂചന, സുഹൃത്ത് അറസ്റ്റില്‍
മൃതദേഹം കണ്ടെത്താത്തത് അന്വേഷണത്തിന് വെല്ലുവിളിയായ സമയത്താണ് ഷൈബിൻ അഷ്റഫിന്റെ കാറിൽ നിന്നും ഷാബ ഷെരീഫിന്റെ തലമുടി കിട്ടുന്നത്. ആ ഡിഎൻഎ പരിശോധന കേസിലെ മുഖ്യ തെളിവായി. കൂടാതെ മാപ്പ് സാക്ഷിയായ കേസിലെ ഏഴാം പ്രതി നൗഷാദ് നൽകിയ സാക്ഷിമൊഴിയും അന്വേഷണ സംഘത്തിന് സഹായകമായി. ആകെ 15 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. പിടി കിട്ടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാൾ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷെമി ഇപ്പോഴും ഒളിവിലാണ്.
കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കെ തന്നെ മുമ്പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങളിലും ഷൈബിൻ അഷ്റഫിന് പങ്കുണ്ടെന്ന് തെളിഞ്ഞു. ഷൈബിൻ അഷ്റഫിന്റെ വ്യവസായ പങ്കാളിയും ഓഫീസ് സെക്രട്ടറിയും ആ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നിൽ കൂട്ടു പ്രതികൾ നടത്തിയ ആത്മഹത്യാ ഭീഷണിയിലൂടെയാണ് ഇത്രയും ക്രൂരമായ കൊലപാതക വിവരം പുറംലോകം അറിയുന്നത്.