Chicken Shop Raid: കോഴിയിറച്ചിയുടെ മറവില്‍ ലഹരി വില്‍പന; കൊല്ലത്ത് നിന്ന് കണ്ടെടുത്ത് 200 കിലോ പുകയില
Excise Raid in Kollam: പുകയില ഉത്പന്നങ്ങള്‍ അളന്ന് തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ത്രാസും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ത്രാസാണ് കണ്ടെടുത്തത്. രാജ നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കി.
കൊല്ലം: കോഴിയിറച്ചി വില്‍പനയ്ക്ക് മറവില്‍ ലഹരി വില്‍പന നടത്തിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. കൊല്ലത്താണ് സംഭവം. മുണ്ടക്കല്‍ സ്വദേശി രാജയാണ് പുകയില ഉത്പന്നങ്ങളുടെ വില്‍പന നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 200 കിലോ പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. രാജയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടയ്ക്കലിലെ വീട്ടില്‍ രാത്രിയിലും പകലും പുകയില ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനായി നിരവധിയാളുകള്‍ എത്താറുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കോഴിയിറച്ചി കടയുടെ മറവില്‍ ഇയാള്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പന നടത്തുകയായിരുന്നു. കൊല്ലം എക്‌സൈസ് സംഘം ഏറെ നാളായി ഇയാളെ നിരീക്ഷിക്കുന്നുണ്ട്. ആദ്യ നിരീക്ഷണത്തില്‍ തന്നെ സംഘത്തിന് ഇയാളുടെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 200 കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പുകയില ഉത്പന്നങ്ങള്‍ അളന്ന് തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ത്രാസും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ത്രാസാണ് കണ്ടെടുത്തത്. രാജ നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കി.
19 ചാക്കിലാക്കി നിരോധിത പുകയില ഉത്പന്നങ്ങള്‍
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് നിന്ന് പിക്കപ്പില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പിക്കപ്പ് വാനില്‍ 19 ചാക്കുകളിലായി കടത്തിയ 475 ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്. ചടയമംഗലം റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷ് എകെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി പിടികൂടിയത്.
നിലമേല്‍ ഭാഗത്തു നിന്നും വന്ന പിക്കപ് വാന്‍ സംശയം തോന്നിയതോടെയാണ് എക്‌സൈസ് സംഘം തടഞ്ഞത്. സംഭവത്തില്‍ ആലങ്കോട് സ്വദേശിയായ മന്‍സൂര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസര്‍ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ സബീര്‍, ഷൈജു, ബിന്‍സാഗര്‍ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.