Kerala School Reopening: പഠിച്ച് കേറി വാ മക്കളെ! സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

Schools Reopening in Kerala 2024: രാവിലെ 9 മണി മുതല്‍ സ്‌കൂളിലെത്തുന്ന ഒന്നാം ക്ലാസുകാരെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടാകും.

Kerala School Reopening: പഠിച്ച് കേറി വാ മക്കളെ! സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും
Updated On: 

03 Jun 2024 06:18 AM

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.

രാവിലെ 9 മണി മുതല്‍ സ്‌കൂളിലെത്തുന്ന ഒന്നാം ക്ലാസുകാരെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടാകും. ഇതിന് ശേഷമായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് പ്രവേശനോത്സവം നടക്കും.

ഇത്തവണ മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്തവണ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്. ലിംഗനീതി ഉയര്‍ത്തിപിടിക്കുന്ന പാഠഭാഗങ്ങളാണ് പുതിയ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നാം ക്ലാസില്‍ ഇനി മുതല്‍ വീണ്ടും അക്ഷരമാല പഠിപ്പിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ മാറ്റമാണ് എടുത്ത് പറയേണ്ടത്. 2005ല്‍ വിരാമിട്ട എല്ലാ വിഷയങ്ങള്‍ക്കും മിനിമം മാര്‍ക്ക് എന്ന സമ്പ്രദായം തിരികെ കൊണ്ടുവരികയാണ്. അതുകൊണ്ട് ഇനി വാരിക്കോരി മാര്‍ക്ക് ലഭിക്കില്ല.

അതേസമയം, സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ ചില സ്‌കൂളുകളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഗവ.യു പി എസ് കുമാരന്‍ചിറ ശൂരനാട് സൗത്ത്, ഗവ. യു പി എസ് തെന്നല ശൂരനാട് നോര്‍ത്ത്, ഗവ. എല്‍ പി എസ് അഴകിയകാവ് കുന്നത്തൂര്‍, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ . എല്‍ പി എസ്, പേരൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വേളൂര്‍ സെന്റ് ജോണ്‍ എല്‍ പി എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു പി എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍ പി എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു പി എസ് എന്നീ സ്‌കൂളുകള്‍ക്കും അവധിയാണ്.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ